| Thursday, 23rd October 2025, 7:42 pm

മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ദാതവാലി ഗ്രാമത്തിലെ സോനു ബറുവയാണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ ഡ്രൈവറായിരുന്നു മര്‍ദനത്തിനിരയായ യുവാവ്. സോനുവിന് പുറമെ അലോക് ശര്‍മ, ഛോട്ടു ഓജ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

പ്രതികള്‍ ഗ്വാളിയോറില്‍ നിന്ന് യുവാവിനെ ഭിന്ദിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് പതക് പറഞ്ഞു. യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എസ്.പി അറിയിച്ചു.

സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും, തട്ടിക്കൊണ്ടുപോകല്‍, മര്‍ദനം, മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നീ ബി.എന്‍.എസ് വകുപ്പുകള്‍ അനുസരിച്ചും കേസെടുത്തതായും എസ്.പി സഞ്ജീവ് പതക് മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. സമീപ കാലത്ത് 25കാരനായ ഗ്യാന്‍ സിങ് ജാതവ് തന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സോനുവും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.

അകുത്പുര ഗ്രാമത്തില്‍ വെച്ചാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത്. തന്റെ കാലുകള്‍ ഇരുമ്പ് ചങ്ങല കൊണ്ട് ബന്ദിച്ച ശേഷം പ്രതികള്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മൂത്രം കുടിപ്പിച്ചുവെന്നുമാണ് യുവാവിന്റെ മൊഴി.

പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മര്‍ദിച്ചതായും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണമുണ്ട്. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ ഗ്യാന്‍ സിങ്ങിനെ ഭിന്ദി ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്തുടനീളം ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ വ്യാപകമായി മര്‍ദിക്കപ്പെടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് ദളിത് വൃദ്ധനെ കൊണ്ട് നിലം നക്കിച്ച സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ സ്വാമി കാന്ത് എന്നയാള്‍ അറസ്റ്റിലായിരുന്നു.

മധ്യപ്രദേശിലെ കട്‌നി ജില്ലയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ദളിത് യുവാവിനെ നാലുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ എം.പിയിലെ ഗുണ ജില്ലയില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിക്കുകയും സ്ത്രീ വേഷം ധരിപ്പിച്ച് പൊതുമധ്യത്തിലൂടെ നടപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Three arrested for beating Dalit youth and forcing him to drink urine in Madhya Pradesh

We use cookies to give you the best possible experience. Learn more