| Tuesday, 20th October 2026, 6:58 am

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പൊളിച്ചുനീക്കുമെന്ന് ഭീഷണി; വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

നിഷാന. വി.വി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപമുള്ള 100 വര്‍ഷം പഴക്കമുള്ള പള്ളി പൊളിക്കാന്‍ നീക്കം. ആറ് ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന് ദല്‍ഹി ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടതായി റോഡ് കോഴ്‌സ് പള്ളി ഇമാം മുഹമ്മദ് ഹാരുണ്‍ പറയുന്നു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച വിവരമറിയിച്ചത്.

ഒക്ടോബര്‍ ഏഴിന് പള്ളിയിലെ വൈദ്യൂതി- ജല കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. പള്ളിയെ സംരക്ഷിക്കാന്‍ സഹായിക്കണമെന്ന് സമൂഹത്തിലെ അംഗങ്ങളോടും നീതിക്കായി ശബ്ദമുയര്‍ത്തുന്നവരോടും ഇമാം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സ്ഥിതിഗതികളെക്കുറിച്ച് ദല്‍ഹി വഖഫ് ബോര്‍ഡിനെ അറിയിച്ചിട്ടും ഫലപ്രദമായ നിയമനടി സ്വീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യൂതി- ജല വിതരണം വിച്ഛേദിച്ചതോടെ പലതവണ വഖഫ് ബോര്‍ഡിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന് കത്തെഴുതുക മാത്രമാണ് ബോര്‍ഡ് ചെയ്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഹാരൂണ്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം പള്ളിയിലെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടിലാണെന്നും പ്രവേശനം തടസപ്പെട്ടതിനാല്‍ കുടിവെള്ളം എത്തിക്കാനും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡിനോട് കോടതിയെ സമീപിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്തുണയൊന്നും ലഭിച്ചില്ലെന്നും ഒടുവില്‍ താന്‍ ഹൈക്കോടതിയെ സമീപിപ്പിച്ചുവെങ്കിലും വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാല്‍ കേസ് തനിക്കെതിരെയായി എന്നും ഇമാം പറയുന്നു.

പള്ളി അനധികൃത നിര്‍മിതിയോ കയ്യേറ്റമോ അല്ലെന്നും എന്‍.ഡി.എം.സി-യുടെ ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇന്ത്യയ്ക്ക് സ്വതന്ത്ര്യം ലഭിക്കുന്നതിന മുമ്പ് ഈ പള്ളിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ ഓഖ്ല എം.എല്‍.എ അമാനത്തുല്ല ഖാന്‍, ഇമാമുമായി സംസാരിക്കുകയും പള്ളി സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ഈ പള്ളിയ്ക്ക് പുറമെ, റേസ് കോഴ്‌സ് റോഡിന് സമീപം താമസിച്ചിരുന്ന ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇവരെ ഏകദേശം 45 കിലോമീറ്റര്‍ അകലെയുള്ള സാവ്ദ ഗേവ്ര പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ഉത്തരവ്.

Content Highlight: Threat to demolish a centuries-old church near the Prime Minister’s residence; electricity and water supplies cut off.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more