| Monday, 24th November 2025, 9:09 pm

'We Care' ഭീഷണി-ശാരീരിക-മാനസിക പീഡനങ്ങളെ ചെറുക്കാം; ഹെല്‍പ് ലൈന്‍ നമ്പര്‍ ഓര്‍മിപ്പിച്ച് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരും വനിതാ വികസന കോര്‍പ്പറേഷനും ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജീവിതത്തില്‍ ആരും തോറ്റ് പോകരുതെന്നും മന്ത്രി പറഞ്ഞു. ‘ഹെല്‍പ് ലൈന്‍ 181’ നമ്പര്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.

ഏറെ വിശ്വസിച്ച വ്യക്തികളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ജീവിതത്തില്‍ പലര്‍ക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ തളര്‍ന്ന് പോകരുത്. മടിച്ച് നില്‍ക്കാതെ ഇത്തരം സാഹചര്യങ്ങളെ നേരിടാമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ എഫ്.ബി പോസ്റ്റ്.

വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ടുള്ള ഭീഷണി, ബ്ലാക്ക് മെയ്ലിങ്, ശാരീരികവും മാസികവുമായുള്ള പീഡനം എന്നിവയെ ചെറുക്കാമെന്നും മന്ത്രി പറയുന്നു.

സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാറും വനിത വികസന കോര്‍പ്പറേഷനും ഒപ്പമുണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി.

കൗണ്‍സിലിങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 181 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മന്ത്രി പങ്കുവെച്ച പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘ഹു കെയേഴ്സ്, വി കെയർ’ എന്ന തലക്കെട്ടാണ് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്.

മുമ്പ് തനിക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രയോഗിച്ച വാചകമാണ് ‘ഹു കെയേഴ്സ്’ എന്നത്.

രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതി അന്ന് വെളിപ്പെടുത്തിയത്. ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചാറ്റുകളിലും ഫോണ്‍ സംഭാഷണത്തിലും യുവതിയെ ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതായും കാണാം.

Content Highlight: ‘We Cares’ threat-physical and mental abuse can be combated; veena george reminds of helpline number

We use cookies to give you the best possible experience. Learn more