| Saturday, 27th September 2025, 7:30 am

യു.എന്‍ പ്രസംഗത്തിനിടെ നെതന്യാഹുവിനെതിരെ ന്യൂയോര്‍ക്ക് തെരുവിലിറങ്ങി ആയിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ സമ്മേളനത്തില്‍ പങ്കെടുത്തതിനെതിരെ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് ഇസ്രഈലിനെതിരെ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി തെരുവിലിറങ്ങിയത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

ഫലസ്തീന്‍ യൂത്ത് മൂവ്‌മെന്റ്, അമേരിക്കന്‍ മുസ്‌ലിംസ് ഫോര്‍ ഫലസ്തീന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു പ്രതിഷേധം.

‘സ്വതന്ത്ര ഫലസ്തീന്‍’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ന്യൂയോക്ക് ജനത ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചത്. യു.എന്നില്‍ ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ച രാജ്യങ്ങളുടെ കൊടികളും പ്രതിഷേധിക്കാര്‍ ഉയര്‍ത്തിയിരുന്നു.

‘നിങ്ങള്‍ ന്യൂയോര്‍ക്കിലേക്ക് അല്ല വരേണ്ടത്, ഹേഗിലെക്കാണ് പോവേണ്ടത്,’ എന്ന മുദ്രവാക്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നത്. 2024 നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുദ്ധക്കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയായിരുന്നു അറസ്റ്റ് വാറണ്ട്.

അന്താരാഷ്ട്ര തലത്തില്‍ നെതന്യാഹു നേരിടുന്ന നിയമനടപടി ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്കില്‍ പ്രതിഷേധം ഉണ്ടായത്. ഐ.സി.സിയുടെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നിട്ടും നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍ പങ്കെടുത്തതിനെ പ്രതിഷേധക്കാര്‍ അപലപിക്കുകയും ചെയ്തു. ഈ പ്രതിഷേധത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്സും പങ്കുചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഐക്യരാഷ്ട്രസഭയിലെ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഗസയിലെ വംശഹത്യക്കെതിരെ മാര്‍ച്ച് നടന്നത്. ഇതിനിടെ നാടകീയമായ സംഭവങ്ങളാണ് സഭയ്ക്കുള്ളില്‍ നടന്നത്. പ്രസംഗിക്കാനെത്തിയ നെതന്യാഹുവിനെ കൂക്കിവിളിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറിലേറെ പ്രതിനിധികള്‍ സഭയില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു.

ഏതാനും യൂറോപ്യന്‍ രാഷ്ട്രങ്ങളും അറബ്-മുസ്‌ലിം രാഷ്ട്രങ്ങളും ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമാണ് നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചത്. നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് രാജ്യപ്രതിനിധികള്‍ ഇറങ്ങിപ്പോയതോടെ ഇസ്രഈല്‍ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള നെതന്യാഹുവിനെ പിന്തുണയ്ക്കുന്നവര്‍ മിനിറ്റുകളോളം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഒഴിഞ്ഞ കസേരകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് നെതന്യാഹു സംസാരിച്ചത്. യു.എന്നിന്റെ സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് നെതന്യാഹു സംസാരിച്ചത്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച മുഴുവന്‍ രാജ്യങ്ങളെയും നെതന്യാഹു വിമര്‍ശിക്കുകയുമുണ്ടായി.

Content Highlight: Thousands take to the streets of New York to protest Netanyahu during UN speech

We use cookies to give you the best possible experience. Learn more