ദമസ്‌ക്കസ്: ഫലസ്തീന്‍ തടവുകാരെ വധിക്കാന്‍ അനുവദിക്കുന്ന ഇസ്രഈല്‍ പാര്‍ലമെന്റ് നെസെറ്റ് പാസാക്കിയ ബില്ലിനെതിരെ സിറിയയില്‍ വന്‍ പ്രതിഷേധം.
ആയിരക്കണിക്കിന് സിറിയക്കാര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.
ഇസ്രഈലിന്റെ തീരുമാനത്തെ അപലപിച്ചും ഫലസ്തീന്‍ തടവുകാര്‍ക്കും ഗസയ്ക്കും പിന്തുണയറിയിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം.
2023 ഒക്‌ടോര്‍ബര്‍ മുതല്‍ ഗസയില്‍ വംശഹത്യ നടക്കുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ദമസ്‌ക്കസ്, ദര, ഖുനൈത്ര, മധ്യ സിറിയയിലെ ഹോംസ്, ഹമ, പടിഞ്ഞാറ് ലതാകിയ, അലപ്പോ, ഇദ്‌ലിബ്, എന്നിവയുള്‍പ്പടെയുള്ള വിവിധ പ്രദേശങ്ങളിലും പ്രവിഷ്യകളിലും പ്രതിഷേധ പ്രകടങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സിറിയന്‍, ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിപ്പിടിച്ച് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുകള്‍ വഹിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
‘നമ്മളും ഗസയും ഒന്നാണ്, ബഷര്‍ അല്‍ അസദ് ഭരണകൂടത്തെ ഞങ്ങള്‍ താഴെയിറക്കി ഇനി നിങ്ങളുടെ ഊഴമാണ് ഇസ്രഈലെ.. തുടങ്ങിയവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍.
മാര്‍ച്ചുകള്‍ നടത്തി പ്രതിഷേധം ഇനിയും തുടരുമെന്നും സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്രഈല്‍ പാര്‍ലമെന്റ് ഈ വിവാദ നിയമം പാസാക്കിയത്. 48 വോട്ടുകള്‍ക്കെതിരെ 62 വോട്ടുകള്‍ക്കായിരുന്നു ബില്‍ അംഗീകരിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ പോരാട്ടങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ഫലസ്തീനികള്‍ക്ക് ഇനി മുതല്‍ വധശിക്ഷ സ്ഥിരശിക്ഷയായി മാറും.
നിലവില്‍ ഇസ്രഈലി ജയിലുകളില്‍ 350 കുട്ടികളും 66 സ്ത്രീകളും ഉള്‍പ്പെടെ 9,300 ലധികം ഫലസ്തീനികള്‍ കഴിയുന്നുണ്ടെന്നാണ് തടവുകാരുടെ അവകാശ ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നത്. നിരവധി രാജ്യങ്ങള്‍ ഈ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.
ഇസ്രഈല്‍ പാര്‍ലമെന്റ് പാസാക്കിയ വിവാദ വധശിക്ഷാ നിയമം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.
ഫലസ്തീനികളെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് യുദ്ധക്കുറ്റമായി കണക്കാക്കുമെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlight: Thousands take to the streets in Syria to protest Israeli law allowing execution of Palestinian prisoners