ടെഹ്‌റാന്‍: ഇറാനിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രഈല്‍-അമേരിക്ക സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരത്തിനെത്തി ആയിരങ്ങള്‍.
കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും ബാനറുകളുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. അമേരിക്കയ്ക്കും ഇസ്രഈലിനുമെതിരായ പ്രതിഷേധവും ചടങ്ങില്‍ അരങ്ങേറി.
തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ എലിമെന്റെറി സ്‌കൂളിന് നേരെയായിരുന്നു ആക്രമണം നടന്നത്.
168 സ്‌കൂള്‍ വിദ്യാര്‍ത്ഥികളും 14 അധ്യാപകരും 4 രക്ഷിതാക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനെതിരായ ഇസ്രഈല്‍-യു.എസ് സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ ദിവസമായിരുന്നു സ്‌കൂളിന് നേരെയുള്ള ആക്രമണം നടന്നത്.
എന്നാല്‍ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സ്‌കൂള്‍ ആക്രമിച്ചിട്ടില്ലെന്നുമാണ് ഇസ്രഈലിന്റെയും അമേരിക്കയുടെയും വാദം.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കൊലപ്പെടുത്തിയത് അമേരിക്കയും ഇസ്രഈലും ചേര്‍ന്നാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
‘ഒരു പ്രൈമറി സ്‌കൂളിലെ യു.എസ്-ഇസ്രഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 160-ലധികം നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായി കുഴിച്ചെടുക്കുന്ന ഖബറിടങ്ങളാണിത്. അവരുടെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കി കീറിമുറിച്ചു,’ ഖബറിടങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് അരാഗ്ച്ചി പറഞ്ഞു.
മിനാബിലെ ആക്രമണത്തെ യുനെസ്‌ക്കോയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ മലാല യൂസുഫ് സായിയും അപലപിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തെ കുറിച്ച് നിഷ്പക്ഷവും വേഗത്തിലും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടു.
Content Highlight: Thousands take to the streets in Mina; Iran bids farewell to children killed in Israeli attack