| Saturday, 24th January 2026, 12:31 pm

കൊടുംതണുപ്പിലും തളരാതെ മിനസോട്ടയില്‍ കുടിയേറ്റ വേട്ടയ്ക്കെതിരെ പ്രതിഷേധം; പങ്കെടുത്ത് പതിനായിരങ്ങള്

യെലന കെ.വി

മിനിയപോളിസ്: അമേരിക്കയിലെ മിനസോട്ടയില്‍ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. കൊടും തണുപ്പിനെ അവഗണിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. മിനസോട്ടയിലെ വിമാനത്താവളത്തില്‍ പ്രതിഷേധിച്ച നൂറോളം പുരോഹിതന്‍മാരെ പൊലിസ് അറസ്റ്റ് ചെയ്തു.

ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെയും നാടുകടത്തല്‍ ഭീഷണിക്കുമെതിരെ ‘മിനസോട്ടയില്‍ അതിക്രമിച്ചു കയറരുത്’ എന്ന മുദ്രവാക്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. മിനിയപോളിസ് സെന്റ് പോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പ്രേതിഷേധം നടത്തി റോഡ് ഉപരോധിച്ച വൈദികര്‍ക്കെതിരെയാണ് പൊലിസ് നടപടിയെടുത്തത്. വിമാന താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാരോപിച്ച് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

നഗരമധ്യത്തില്‍ നടന്ന റാലിയില്‍ മൈനസ് 29 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും പതിനായിരങ്ങള്‍ പങ്കെടുത്തു. സംഘടകരുടെ കണക്ക് പ്രകാരം അമ്പതിനായിരത്തോളം ആളുകള്‍ റാലിയില്‍ പങ്കെടുത്തു.

കാലാവസ്ഥയേക്കാള്‍ അപകടകരമാണ് ഭരണകൂടത്തിന്റെ ഇത്തരം നടപടികളെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും ഐ.സി.ഇ, ഉദ്യോഗസ്ഥരെ തെരുവുകളില്‍ നിന്ന് പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിനസോട്ടയിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. പുസ്തകശാലകള്‍ മുതല്‍ റസ്റ്റോറന്റുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ജോലിയില്ല, സ്‌കൂളില്ല, ഷോപ്പിങ്ങില്ല ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങള്‍ സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തു. മിക്ക സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി.

കഴിഞ്ഞ ജനുവരിയില്‍ കുടിയേറ്റ വിഭാഗം ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യു.എസ് പൗരയായ റെനി കൊല്ലപ്പെട്ടതോടെയാണ് മിനസോട്ടയില്‍ പ്രതിഷേധം ശക്തമായത്. ഐ.സി.ഇ ഉദ്യോഗസ്ഥരുടെ നടപടികള്‍ നിരീക്ഷിക്കുന്നതിനിടെയാണ് റെനി കൊല്ലപ്പെട്ടത്.
ഈ കൊലപാതകത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍കൊണ്ട് വരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ദൗത്യമാണ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നതെന്നും സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ പ്രാദേശിക നേതാക്കള്‍ സഹകരിക്കണമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആവശ്യപ്പെട്ടു. ഫെഡറല്‍ ഏജന്റുകളുടെ കടന്നുകയറ്റം മിനസോട്ടയില്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മനുഷ്യാവകാശ സംഘടനകളും പ്രാദേശിക ഭരണകൂടവും.

content highlight: Thousands rally against immigration enforcement in sub-zero Minnesota temperatures

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more