| Tuesday, 11th August 2026, 11:03 pm

വെടിനിര്‍ത്തലിന് ശേഷവും ഗസയില്‍ ചികിത്സയ്ക്കായി പുറത്തുപോകാന്‍ കാത്തിരിപ്പ് തുടരുന്നത് ആയിരങ്ങളെന്ന് ലോകാരോഗ്യ സംഘടന

റെന്വര്‍ പി

ഗസസിറ്റി: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസയില്‍ ആയിരക്കണക്കിന് രോഗികള്‍ ചികിത്സയ്ക്കായി ഗസയ്ക്ക് പുറത്തുപോകാനായുള്ള കാത്തിരിപ്പ് തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്യു.എച്ച്.ഒ) വക്താവ് താരിക് ജസറേവിച്ച്. 2023 ഒക്ടോബര്‍ മുതല്‍ 6,186 കുട്ടികള്‍ ഉള്‍പ്പെടെ 12,913 രോഗികളെ ചികിത്സയ്ക്കായി ഗാസയില്‍ നിന്ന് പുറത്തെത്തിച്ചതായും അനദോളു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം അറിയിച്ചു.

ഗസയില്‍ നിന്നുള്ള രോഗികളെ ചികിത്സയ്ക്കായി പുറത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ നിലവില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ നടക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് രണ്ട് മുതല്‍ എട്ട് വരെയുള്ള വാരത്തില്‍ 101 രോഗികളെയും 164 കൂട്ടിരിപ്പുകാരെയും ചികിത്സയ്ക്കായി ഗസയില്‍ നിന്ന് ഒഴിപ്പിച്ച് പുറത്തെത്തിച്ചു. എന്നാല്‍ ആയിരക്കണക്കിന് രോഗികള്‍ ഇപ്പോഴും ഗസയില്‍ നിന്ന് ചികിത്സയ്ക്കായി പുറത്തുപോകാനായി കാത്തിരിക്കുകയാണെന്നും ജസറേവിച്ച് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഗസയില്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ 1,258 പേര്‍ കൊല്ലപ്പെടുകയും 4,145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 73,386 പേരാണ് ആകെ മരിച്ചത്. ഇക്കാലയളവിലുണ്ടായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഗസയില്‍ 174,256 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസവും ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകലുണ്ടായിരുന്നു. മധ്യ ഗസയിലെ ദെയ്ര്‍ അല്‍ ബലാഹില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഖാന്‍ യൂനുസിലും റഫയിലുമുണ്ടായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖാന്‍ യൂനുസില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് നേര്‍ക്ക് ഇസ്രഈല്‍ ടാങ്കില്‍ നിന്നുണ്ടായ വെടിവെപ്പില്‍ ഏതാനും പേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, ഈ വര്‍ഷം ജനുവരി ഒന്നിനും ഓഗസ്റ്റ് ആറിനും ഇടയില്‍ ഗസയില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രഈല്‍ 45 തവണ ആക്രമണം നടത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി ചൈനീസ് മാധ്യമമായ സി.ജി.ടി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നെന്നും 44 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നും സി.ജി.ടി.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസയില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന പദ്ധതി അടുത്തിടെ ഇസ്രഈല്‍ തള്ളിയിരുന്നു. സമാധാന ബോര്‍ഡ് പദ്ധതിയെ തങ്ങള്‍ നിരസിക്കുന്നു എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞത്. ഹമാസ് പൂര്‍ണമായും നിരായുധീകരിക്കുന്നതുവരെ സൈന്യത്തെ പിന്‍വലിക്കില്ലെന്നും നെതന്യാഹു മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു.

15 ഇന പദ്ധതി നടപ്പാക്കുന്നതിനുള്ള സന്നദ്ധത തങ്ങള്‍ തുടരുമെന്ന് ഹമാസും അന്ന് പ്രതികരണം അറിയിച്ചിരുന്നു. ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതിന് മാര്‍ഗരേഖയുമായി മുന്നോട്ട് പോകാനുള്ള പ്രതിജ്ഞാദ്ധത ആവര്‍ത്തിക്കുന്നതായി ഹമാസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കരാറിന്റെ പൂര്‍ണമായ നടപ്പാക്കലിന് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതായും ഹമാസ് വ്യക്തമാക്കി.

ഗസയില്‍ നിന്ന് ഇസ്രഈല്‍ പിന്‍മാറുന്നതിനും ഹമാസിന്റെ നിരായുധീകരണത്തിനുമായുള്ള 15 ഇന പദ്ധതിയായിരുന്നു ട്രംപ് മുന്നോട്ട് വച്ചത്. പൂര്‍ണമായ വെടിനിര്‍ത്തല്‍, ഇസ്രഈലി ആക്രമണങ്ങള്‍ അവസാനിപ്പിക്കല്‍, ഗസയില്‍ നിന്നുള്ള ഇസ്രഈല്‍ പിന്മാറ്റം, അതിര്‍ത്തി ക്രോസിങ്ങുകള്‍ വീണ്ടും തുറക്കല്‍, സഹായ വിതരണം ലഭ്യമാക്കാല്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ 15 ഇന പദ്ധതി പൂര്‍ണരൂപത്തില്‍ നടപ്പിലാക്കിയാല്‍ സാധിക്കും. ഗസയിലെ പുനര്‍നിര്‍മാണം ആരംഭിക്കാനും ഗാസ ഭരണത്തിനായുള്ള ദേശീയ സമിതിയെ ചുമതലകള്‍ ഏറ്റെടുക്കാന്‍ സജ്ജരാക്കാനും ഇത് സഹായിക്കും.

Content Highlight: Thousands of patients in Gaza still await medical evacuation: WHO

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more