| Thursday, 5th February 2026, 10:02 am

മഡുറോയെ വിട്ടയക്കുക; വെനസ്വേലയില്‍ യു.എസ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

യെലന കെ.വി

കാരാക്കസ്: അമേരിക്കന്‍ സൈന്യം തടവിലാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും അടിയന്തരമായി വിട്ടയക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാരാക്കസില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.

2026 ജനുവരി 3-ന് വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യം നിയമവിരുദ്ധമായി കടന്നുകയറുകയും,  മഡുറോയെയും ഭാര്യയെയും ബലമായി പിടികൂടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഈ യു.എസ് നടപടിക്കെതിരെ ചാവിസ്റ്റ പോരാളികളും സാധാരണക്കാരും തെരുവിലിറങ്ങി.

സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി പ്ലാസ വെനസ്വേലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കാരാക്കസ് വരെ നീണ്ടു.’അവര്‍ ഞങ്ങളുടെ പ്രസിഡന്റിനെ കൊണ്ടുപോയിരിക്കാം, പക്ഷേ അവര്‍ക്ക് ഞങ്ങളുടെ വിപ്ലവ വീര്യത്തെ തകര്‍ക്കാനാവില്ല’എന്നതായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്തവരുടെ പ്രധാന മുദ്രാവാക്യം.

വിദേശ ശക്തികള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിക്കില്ലെന്നും, മഡുറോയുടെ മോചനം വരെ പോരാട്ടം തുടരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

അമേരിക്കന്‍ സൈന്യം ഏകപക്ഷീയമായി നടത്തിയ നീക്കം വെനസ്വേലന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

മാര്‍ച്ചില്‍ സംസാരിച്ച മഡുറോയുടെ മകന്‍ നിക്കോളാസ് മഡുറോ ഗുവേര, വെനസ്വേലയുടെ മണ്ണില്‍ ജനകീയ വിപ്ലവം തുടരുമെന്ന് പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ ശക്തികളുടെ പിന്തുണ ഈ പോരാട്ടത്തിനുണ്ടെന്നും, വെനസ്വേലയുടെ സ്വയംഭരണാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. കാരാക്കസിന് പുറമെ രാജ്യത്തെ മറ്റ് ഇടങ്ങളിലും യു.എസ് വിരുദ്ധ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.

ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ ഭരണകൂടം വാഷിംഗ്ടണുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും രാജ്യത്തിനകത്ത് ജനരോഷം കനക്കുകയാണ്.

content highlight: Thousands march in Venezuela to demand US free President Maduro, wife

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more