| Tuesday, 14th April 2020, 8:19 pm

ഭക്ഷണവും കൂലിയുമില്ല; മുംബൈയില്‍ ലോക്ഡൗണ്‍ ലംഘിച്ച് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങിയത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങി. ബാന്ദ്രയിലെ തെരുവിലാണ് സംഭവം. സ്വദേശത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധിച്ചത്. കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്.

ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ട് സമീപത്തെ ചേരിയിലെ ആളുകളും സംഘത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിരിഞ്ഞുപോകണമെന്ന് പൊലീസ് അവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ ഇത് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരന്നതെന്നാണ് വിവരം. രാജ്യത്ത് മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more