ചണ്ഡീഗഢ്: റോഡിലേക്ക് ഥാര്‍, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങളുമായി ഇറങ്ങുന്നവരെ ഭ്രാന്തന്മാരെന്നും തെമ്മാടികളെന്നും അധിക്ഷേപിച്ച് ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്.
വാഹനപരിശോധനയ്ക്കിടെ മറ്റ് വാഹനങ്ങളെ പറഞ്ഞുവിട്ടാലും ഥാറിനെ തടഞ്ഞുവെയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഡി.ജി.പി ഒ.പി സിങ് പറഞ്ഞു.
വാഹനപരിശോധയ്ക്കിടെ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ഒ.പി സിങ്ങിന്റെ പ്രതികരണം.
ഥാര്‍ ഒരു കാറല്ലെന്നും താന്‍ ഇങ്ങനെയാണെന്ന് പറയുന്ന ഒരു പ്രസ്താവനയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഥാറോ ബുള്ളറ്റോ ആണെങ്കില്‍ വാഹന പരിശോധനയ്ക്കിടെ കടത്തിവിടരുത്. കാരണം, ഇവ ഓടിക്കുന്നത് തെമ്മാടികളാണ്. അവരുടെ മാനസികാവസ്ഥയാണ് ആ വാഹനം തെരഞ്ഞെടുക്കുന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
ഥാര്‍ ഓടിക്കുന്നവര്‍ റോഡില്‍ സ്റ്റണ്ട് കാണിക്കുകയാണ്. മുമ്പ് ഒരു എ.സി.പിയുടെ മകന്‍ ഥാര്‍ ഓടിച്ച് ഒരാളെ ഇടിച്ചിട്ടു. പിന്നീട് എ.സി.പി മകനെ രക്ഷിക്കാനായി ശ്രമങ്ങള്‍ ആരംഭിച്ചു.
കാര്‍ ആരുടെ പേരിലാണെന്ന് ചോദിച്ചപ്പോള്‍ അത് മകന്റെ പേരിലാണെന്ന് പറഞ്ഞു. അതുകൊണ്ട് ഉറപ്പിച്ച് പറയാം അയാള്‍ ഒരു തെമ്മാടിയാണെന്ന് ഒ.പി. സിങ് പറഞ്ഞു.
‘ഥാര്‍ ഉപയോഗിക്കുന്ന പോലീസുകാരുടെ പട്ടികയുണ്ടാക്കിയാല്‍ അതിലെത്ര പേരുണ്ടാകും. അത് ആരുടെ കൈവശമുണ്ടെങ്കിലും അവര്‍ തലതിരിഞ്ഞവരാണെന്ന് ഉറപ്പിക്കാം’, ഒ.പി. സിങ് വിമര്‍ശിച്ചു.
ഹരിയാനയിലെ ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന എസ്.യു.വികളുടെ ദുരുപയോഗവും ഗതാഗത നിയമലംഘനങ്ങളും സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ഡി.ജി.പിയുടെ പ്രസ്താവന.
Content Highlight: Those who use Thar and Bullet are crazy: Haryana DGP