കണ്ണൂര്‍: പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ച അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മകുമാറിനെതിരെ വൈകാരിക കുറിപ്പുമായി സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി ടീച്ചര്‍.
കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന കാലമാടന്‍മാരെ പുറംലോകം കാണിക്കരുതെന്നും നരകിച്ചു തന്നെ തീരണമെന്നും മുന്‍മന്ത്രി കൂടിയായ പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.
പത്തുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡനത്തിനിരയാക്കിയ പത്മകുമാറിന് ഇന്ന് (ശനിയാഴ്ച) തലശേരി അതിവേഗ പോക്‌സോ കോടതി മരണം വരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
പ്രതിക്ക് 2 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന കാലമാടന്‍മാരെ പുറം ലോകം കാണിക്കരുത്. നരകിച്ചു തന്നെ തീരണം. മരണം വരെ ജയില്‍. മാതൃകാ ശിക്ഷതന്നെ, പത്മകുമാറിന് ശിക്ഷ വിധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ട് അവര്‍കുറിച്ചു.
മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍, 10 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കശ്മലന് ജീവപര്യന്തം തടവെന്നും മാതൃകാപരമായ വിധിയെ സ്വാഗതം ചെയ്യുന്നെന്നും പി.കെ. ശ്രീമതി കുറിച്ചു.
കേസ് തേച്ച് മായ്ച്ചുകളയാനും കുറ്റവാളിയെ രക്ഷിക്കാനും ബി.ജെ.പിക്കാര്‍ നടത്തിയ പരിശ്രമം വിഫലമായി. ആഭ്യന്തരവകുപ്പിനും പെണ്‍കുട്ടിക്കും രക്ഷാകര്‍ത്താക്കള്‍ക്കും നീതി ഉറപ്പാക്കാന്‍ കഠിനമായി പരിശ്രമിച്ച നീതിന്യായ സംവിധാനത്തിന് അഭിനന്ദനങ്ങളെന്നും അവര്‍ പ്രതികരിച്ചിരുന്നു.
നേരത്തെ, പാലത്തായി കേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ, മുസ്‌ലിം ലീഗ് നേതാക്കള്‍ ശ്രമിച്ചെന്ന് കെ.കെ. ഷൈലജ എം.എല്‍.എ ആരോപിച്ചിരുന്നു. കേസില്‍ താനും പാര്‍ട്ടിയും ഒട്ടേറെ അപവാദ പ്രചാരണത്തിന് ഇരയായിരുന്നെന്നും അവര്‍ പ്രതികരിച്ചു.
കേസ് അന്വേഷണത്തില്‍ ഇടപെട്ടത് ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നതിന് വേണ്ടിയായിരുന്നു.
പ്രതിക്ക് കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയ കേരള പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകരെയും ഷൈലജ അഭിനന്ദിച്ചിരുന്നു.
താന്‍ ആരോഗ്യ, വനിതാ-ശിശു സംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കെയായിരുന്നു ഈ സംഭവം നടന്നത്. പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ച സമയത്ത് തന്നെ താന്‍ തലശേരി ഡി.വൈ.എസ്.പിയെ വിളിച്ച് കുറ്റമറ്റ രീതിയില്‍ കേസ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു അധ്യാപകന്‍ തന്നെ കുട്ടിയെ പീഡിപ്പിക്കുക എന്ന് പറഞ്ഞാല്‍ അത് ഭയാനകമാണ്. വീട് കഴിഞ്ഞാല്‍ ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷ നല്‍കേണ്ടത് സ്‌കൂളുകളാണെന്നും ഷൈലജ പറഞ്ഞു.
Content Highlight: Those who torture children should not see the outside world, they should end up in hell: PK Sreemathi in the Palathayi case