| Friday, 31st July 2015, 1:11 pm

യാക്കൂബ് മേമനോട് ദയകാണിക്കണമെന്നു ആവശ്യപ്പെട്ടവര്‍ ഇന്ത്യയുടെ ശത്രുക്കള്‍: ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: യാക്കൂബ് മേമനോട് ദയകാണിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെതിരെ ശിവസേന. രാജ്യത്തിന്റെ ശത്രുക്കളായ ഇവരെ വിസ്തരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ഈ അഭിപ്രായ പ്രകടനം നടത്തിയത്.

1993ലെ സ്‌ഫോടനക്കേസിലെ പ്രതിയായ മേമന് ജനങ്ങള്‍ക്കിടയില്‍ രക്തസാക്ഷി പരിവേഷം ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലേഖനത്തില്‍ ശിവസേന സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. 1993ലെ മുംബൈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാവിനു ശാന്തി ലഭിക്കണമെങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടൈഗര്‍ മേമനെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യയിലെത്തിക്കുകയും തടവിലിടുകയും ചെയ്യണമെന്നും സേന ആവശ്യപ്പെട്ടു.

“യാക്കൂബ് മേമന് മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് 50 ഓളം ആളുകള്‍ കത്തുനല്‍കി. ഇവര്‍ക്കൊന്നും മുംബൈ ആക്രമങ്ങളില്‍ ആരെയും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ദയയ്ക്ക് അപേക്ഷിക്കുന്നത്. പക്ഷെ രാഷ്ട്രപതിയും സുപ്രീം കോടതിയും അവരുടെ ആവശ്യം അംഗീകരിച്ചില്ല.” എഡിറ്റോറിയലില്‍ സേന പറയുന്നു.

“മേമനുവേണ്ടി ദയ ആവശ്യപ്പെട്ടവരെയെല്ലാം രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് വിസ്തരിക്കണം. മേമന്‍ ഇപ്പോള്‍ തൂക്കിക്കൊല്ലപ്പെട്ടിരിക്കുകയാണ്. ഇനി അദ്ദേഹത്തെ നിഷ്‌കളങ്കനും രക്തസാക്ഷിയുമായി ജനങ്ങള്‍ക്കു മുമ്പില്‍ ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ തടയേണ്ടതുണ്ട്.” ശിവസേന ആവശ്യപ്പെട്ടു.

രാജ്യത്തിനുനേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണമായിരുന്നു മുംബൈ സ്‌ഫോടന പരമ്പര. ദാവൂദും ടൈഗറും പാകിസ്ഥാനിലുണ്ട്. യാക്കൂബും പാകിസ്ഥാനിലേക്കു രക്ഷപ്പെട്ടെങ്കിലും പിന്നീട് തിരിച്ചുവന്നു. അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചുവന്നു എന്നതുകൊണ്ടുമാത്രം ദയകാണിക്കണമെന്നാണോ? അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകളുണ്ട്.” ശിവസേന പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more