തിരുവനന്തപുരം: കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങള്‍ക്ക് മീതെ ബുള്‍ഡോസര്‍ കയറ്റിയിറക്കുന്നത് മറച്ചുവെച്ചാണ് രേവന്ത് റെഡ്ഡി കേരളത്തെ പഠിപ്പിക്കാന്‍ വരുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിലെ സാമൂഹ്യ പുരോഗതിയെക്കുറിച്ചും ഭരണത്തെക്കുറിച്ചും റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതിയും ഭരണപരാജയവുമാണ് കേരളത്തിലെന്ന് ആരോപിക്കുന്ന രേവന്ത് റെഡ്ഡി ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുസ്ഥിരവും സര്‍വ്വതലസ്പര്‍ശിയുമായ വികസനത്തിന്റെ വഴിയിലൂടെ കേരളം മുന്നേറുമ്പോള്‍, അതിനെയാകെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്.
കേരളത്തില്‍ ‘അഴിമതിയും ഭരണപരാജയവുമാണ്’ എന്ന് വിലപിക്കുന്ന അദ്ദേഹം ചില ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കാന്‍ തയ്യാറാകണം.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലേ? നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ (202324) 79 പോയിന്റോടെ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ തെലങ്കാന ആറാം സ്ഥാനത്താണ്.
രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് അത്രതന്നെ നല്ല കാര്യമല്ല. എന്നാല്‍ സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ചാണ് രേവന്ത് റെഡ്ഢി കേരളത്തെയും കേരളീയരെയും അപഹസിക്കുന്നത്.
നീതി ആയോഗിന്റെ തന്നെ കണക്കുപ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക് 0.55% മാത്രമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2025 അവസാനത്തോടെ അതിദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനപ്പുറം കേവല ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതികളാണ് എല്‍.ഡി.എഫ് പ്രകടനപത്രിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
തെലങ്കാനയില്‍ ദാരിദ്ര്യം 5.88% ശതമാനമാണ്. എന്തേ, അതിദരിദ്രരായ മനുഷ്യരെ കൈപിടിച്ച് ഉയര്‍ത്തേണ്ട എന്ന് അവിടുത്തെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ?
സാക്ഷരതാ നിരക്കില്‍ 95.3% നേടി കേരളം ബഹുദൂരം മുന്നിട്ടുനില്‍ക്കുമ്പോള്‍, തെലങ്കാനയുടെ നിരക്ക് ഇപ്പോഴും 76.9% മാത്രമാണ്.
കേരളത്തില്‍ കോടാനുകോടികള്‍ ചെലവഴിച്ച് രാഷ്ട്രീയ പരസ്യം നല്‍കി ഇവിടെയുള്ള കോണ്‍ഗ്രസിന് വളഞ്ഞ വഴിയില്‍ സഹായം നല്‍കുന്നതിന് പകരം സ്വന്തം നാട്ടിലെ അതിദാരിദ്ര്യം തുടച്ചു മാറ്റാനും സാക്ഷരതാ നിരക്ക് ഉയര്‍ത്താനും എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയില്ലേ?
കേരളത്തിലെ ശിശുമരണ നിരക്ക് (IMR) ആയിരത്തിന് 5 മാത്രമായി കുറഞ്ഞിരിക്കുകയാണ്. ലോകത്തെ വന്‍ശക്തിയായ അമേരിക്കയില്‍ പോലും ശിശുമരണ നിരക്ക് 5.6 ആണെന്നിരിക്കെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. അത് തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകണം എന്നാണ് കരുതുന്നത്.
തെലങ്കാനയില്‍ ശിശുമരണ നിരക്ക് ഏകദേശം നാലിരട്ടി കൂടുതലാണ് എന്നാണ് കണക്കുകളില്‍ കാണുന്നത്. ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ളതുകൊണ്ട് ഒരു മലയാളി ശരാശരി ഇന്ത്യക്കാരനേക്കാള്‍ 5 മുതല്‍ 7 വര്‍ഷം വരെ അധികം ജീവിക്കുന്നു.
2025 സെപ്റ്റംബര്‍ 16-ന്, കേരളത്തിന്റെ അഭിമാന പദ്ധതിയായ ‘എന്റെ ഭൂമി’ ഡിജിറ്റല്‍ ഭൂമി രേഖാ സംവിധാനത്തെക്കുറിച്ച് പഠിക്കാനായി തെലങ്കാനയില്‍ നിന്നുള്ള റവന്യൂ-സര്‍വ്വേ ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. സ്വന്തം സര്‍ക്കാര്‍ തന്നെ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന കേരളത്തിന്റെ ഇടപെടലുകളെ അതേ സര്‍ക്കാരിന്റെ മുഖ്യമന്ത്രി തന്നെ അവഹേളിക്കുന്നത് എത്രമാത്രം രാഷ്ട്രീയ കാപട്യമാണ്?
കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒത്തുകളിയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയും വായ്പാ പരിധി വെട്ടിക്കുറച്ച് വികസനം മുടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ നട്ടെല്ലില്ലാത്ത കോണ്‍ഗ്രസാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ ബി-ടീമായി പ്രവര്‍ത്തിക്കുന്നത്.
കേരളം കേന്ദ്ര അവഗണക്കെതിരെ അതിശക്തമായി ശബ്ദം ഉയര്‍ത്തുക മാത്രമല്ല പ്രത്യക്ഷമായി സമരത്തിനിറങ്ങുകയും ചെയ്തത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അതോ അന്ന് ആ സമരം അട്ടിമറിക്കാന്‍ ഇറങ്ങിയ സ്വന്തം പാര്‍ട്ടിയുടെ സമീപനത്തെ ഇപ്പോഴും ന്യായീകരിക്കുകയാണോ?
ശമ്പളവും പെന്‍ഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാന്‍ ഇല്ല ഒന്ന് വിനയപുരസരം അറിയിക്കട്ടെ.
ട്രഷറി അടഞ്ഞു കിടന്നിരുന്ന, ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം കുടിശ്ശികയാക്കിയിരുന്ന യു.ഡി.എഫ് ഭരണം പഴങ്കഥയാക്കിയ കേരളത്തില്‍ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിര്‍വ്വഹണത്തിന്റെ പാഠങ്ങള്‍ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു,’ പിണറായി വിജയന്‍ പറഞ്ഞു.
Content Highlight: Those who ran bulldozers over the homes of the poor in their own state are now insulting Kerala: CM against Revanth Reddy