| Monday, 5th October 2026, 10:45 am

പാർട്ടി വിട്ടവർക്ക് 15 ദിവസത്തിനകം മടങ്ങിയെത്താം, ഇല്ലെങ്കിൽ സ്ഥാനമുണ്ടാകില്ല; വിമതർക്ക് അന്ത്യശാസനവുമായി മമത ബാനർജി

ശ്രീലക്ഷ്മി പി.പി

കൊൽക്കത്ത: പാർട്ടി വിട്ടുപോയ എം.പിമാർക്കും എം.എൽ.എമാർക്കും തിരിച്ചെത്താൻ 15 ദിവസത്തെ സമയപരിധി നിശ്ചയിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ഉത്തര ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ സംഘടിപ്പിച്ച വൻ ശക്തിപ്രകടനത്തിൽ പ്രവർത്തകരെയും പൊതുജനങ്ങളെയും ഫോണിലൂടെ അഭിസംബോധന ചെയ്യവെയാണ് മമത ഈ അന്ത്യശാസനം മുന്നോട്ടുവെച്ചത്.

‘നമ്മൾ വിജയിപ്പിച്ചെടുത്ത എം.എൽ.എമാരിലും എം.പിമാരിലും പലരും വഞ്ചകരാണ്. അവർക്ക് ഇവിടെ സ്ഥാനമില്ല. നമ്മൾ അധികാരത്തിലേക്ക് തിരിച്ചെത്തും. നിങ്ങളാണ് യഥാർത്ഥ തൃണമൂൽ. ഞങ്ങളെ വിട്ടുപോയ എം.എൽ.എമാരും എം.പിമാരും 15 ദിവസത്തിനകം മടങ്ങിയെത്തിയാൽ കുഴപ്പമില്ല. അല്ലാത്തപക്ഷം അവർക്ക് ഇവിടെ സ്ഥാനമുണ്ടാകില്ല,’ അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച മമത, ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ മേധാവിയായി തുടരുന്നിടത്തോളം കാലം ബി.ജെ.പി അധികാരത്തിൽ തുടരുമെന്നും പറഞ്ഞു.

1998-ൽ താൻ വിജയകരമായി പാർട്ടി രൂപീകരിച്ചതുപോലെ തന്നെ ഇതിനെ വീണ്ടും ശക്തിപ്പെടുത്താൻ തനിക്ക് സാധിക്കുമെന്ന് മമത അവകാശപ്പെട്ടു.

നേതാക്കളല്ല, താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരാണ് പാർട്ടിയുടെ ജീവനാഡിയെന്നും അവർ അടിവരയിട്ടു പറഞ്ഞു. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസിനുള്ള സ്ഥാനത്തെക്കുറിച്ചും അവർ പരാമർശിച്ചു.
‘തൃണമൂൽ കോൺഗ്രസില്ലാതെ ഇന്ത്യ മുന്നണിക്ക് ശക്തമാകാൻ കഴിയില്ല. അതിനാൽ ബി.ജെ.പിക്കെതിരെ പോരാടണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്തൂ… ഞങ്ങളെ ശക്തിപ്പെടുത്തൂ,’ മമത പറഞ്ഞു.

35 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് അറുതിവരുത്തി തുടർന്ന് 15 വർഷം ബംഗാൾ ഭരിച്ച മമതയുടെ തൃണമൂൽ കോൺഗ്രസ്, ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് പിളർപ്പിലേക്കും പ്രതിസന്ധികളിലേക്കും നീങ്ങിയത്.

ഒരു വിഭാഗം എം.എൽ.എമാർ വിമത നേതാവ് ഋതബ്രത ബാനർജിക്കൊപ്പം ചേർന്ന് തങ്ങളാണ് യഥാർത്ഥ തൃണമൂൽ എന്ന് പ്രഖ്യാപിച്ചപ്പോൾ, 28 എം.പിമാരിൽ 20 പേരും പാർട്ടി വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന പ്രാദേശിക പാർട്ടിയിൽ ചേർന്നു.

പാർട്ടിയുടെ ‘ഇരട്ടപ്പൂവ്’ ചിഹ്നത്തിനായുള്ള തർക്കം ഇപ്പോൾ ഋതബ്രത ബാനർജി നയിക്കുന്ന വിഭാഗവുമായി കോടതിയിൽ തുടരുകയാണ്. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി അടുത്തിടെ തെരഞ്ഞെടുപ്പ് കമ്മീഷന് മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു.

Content Highlight:Those who left the party can return within 15 days; otherwise, there will be no place for them—Mamata Banerjee issues an ultimatum to rebels.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more