ലഖ്നൗ: റാംപൂരിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ 35ലധികം കെട്ടികങ്ങള്‍ പൊളിച്ചുമാറ്റണമെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. സര്‍വകലാശാലയ്‌ക്കെതിരായ ഈ നടപടി യോഗിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പാരമ്യമാണെന്ന് ആസാദ് വിമര്‍ശിച്ചു.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നാഗിന എം.പിയുടെ വിമര്‍ശനം.
ബുള്‍ഡോസര്‍ നടപടികള്‍ക്കെതിരെ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്ന് തുടര്‍ച്ചയായി കടുത്ത ശാസനകള്‍ ഉണ്ടായിട്ടും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകുന്നില്ല എന്നത് തികച്ചും ആശങ്കാജനകമാണെന്നും റാംപൂര്‍ ഡെവലപ്മെന്റ് അതോറിറ്റി (ആര്‍.ഡി.എ) പുറപ്പെടുവിച്ച ഒരു ഭരണപരമായ ഉത്തരവ് ഒരിക്കലും കോടതി വിധിയുടെ പകരമാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സര്‍വകലാശാലയ്ക്ക് ഇതിനെതിരെ കോടതിയെ സമീപിക്കാനും നീതി തേടാനുമുള്ള പൂര്‍ണ അവകാശമുണ്ട്. അന്തിമ കോടതി വിധി വരുന്നതിന് മുന്‍പ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീം കോടതിയോടുള്ള അവഹേളനമായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ജി.സി പട്ടിക പ്രകാരം അലിഗഢ്, പ്രയാഗ്‌രാജ്, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയ്ക്കെതിരെ നടപടിയെടുക്കാതെ, കൃത്യമായി സ്ഥാപിതമായ ഒരു സര്‍വകലാശാലയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ആസാദ് ആരോപിച്ചു.
സമാജ്‌വാദി പാര്‍ട്ടി എം.പി. ഡിംപിള്‍ യാദവും വിഷയത്തില്‍ ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. എന്തും തച്ചുതകര്‍ക്കുന്ന യോഗി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഭാവിയും ബുള്‍ഡോസ് ചെയ്യുകയായിരുന്നു എന്നാണ് ഡിംപിള്‍ യാദവ് പറഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ വലിയ രീതിയിലുള്ള മോഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും, അവിടെ മാത്രം എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ ഈ ബുള്‍ഡോസര്‍ നിശ്ചലമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എസ്.പി നേതാവ് അസം ഖാന്റെ സ്വപ്നസാക്ഷാത്കാരമായി 2006-ല്‍ ഉത്തര്‍പ്രദേശ് നിയമസഭ പാസാക്കിയ പ്രത്യേക നിയമത്തിലൂടെയാണ് മുഹമ്മദ് അലി ജൗഹര്‍ സര്‍വ്വകലാശാല നിലവില്‍ വരുന്നത്. എന്നാല്‍ സമീപവര്‍ഷങ്ങളില്‍ ഭൂമി കൈയേറ്റം, ലീസ് വ്യവസ്ഥകളുടെ ലംഘനം തുടങ്ങി നിരവധി കടുത്ത നിയമപോരാട്ടങ്ങളും ഈ കലാലയത്തെ വിടാതെ പിന്തുടരുകയാണ്.
ഏറ്റവും ഒടുവിലായി, സര്‍വ്വകലാശാല കാമ്പസിലെ ആകെ 40 ബ്ലോക്കുകളില്‍ 38 കെട്ടിടങ്ങളും പൊളിച്ചുനീക്കാന്‍ റാംപൂര്‍ ഡെവലപ്മെന്റ് അതോറിറ്റി ഉത്തരവിട്ടിരിക്കുകയാണ്.
1973-ലെ യു.പി അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ആക്ടിലെ സെക്ഷന്‍ 27(1) പ്രകാരമാണ് ഈ കടുത്ത നടപടി. അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോ അംഗീകൃത പ്ലാനോ ഇല്ലാതെയാണ് ഈ കെട്ടിടങ്ങളെല്ലാം നിര്‍മിച്ചിരിക്കുന്നത് എന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. തുടര്‍ച്ചയായ നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം അസം ഖാനും കുടുംബവും സര്‍വകലാശാലയുടെ ഗവേണിങ് ട്രസ്റ്റില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ചിരുന്നു.
Content Highlight: Those who leave fake universities—including those in Prayagraj—untouched are targeting Jauhar University; Azad speaks out against Yogi.