| Saturday, 11th April 2015, 9:29 pm

ചിറ്റൂര്‍ വ്യാജ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരെല്ലാം സ്ഥിരം കുറ്റവാളികളെന്ന് വനം മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ചിറ്റൂര്‍ വനമേഖലയില്‍ വെച്ച് കൊല്ലപ്പെട്ട 20 പേരും ചന്ദനക്കടത്തുകാരും സ്ഥിരം കുറ്റവാളികളുമാണെന്ന് ആന്ധ്രാ വനംവകുപ്പ് മന്ത്രി ഗോപാല കൃഷ്ണ റെഡ്ഡി. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൊല്ലപ്പെട്ടവര്‍ മരംവെട്ടുകാരല്ലെന്നും കള്ളക്കടത്തുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കടത്ത് കേസില്‍ മുമ്പ് അറസ്റ്റിലായവരും കൂട്ടത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പോലീസുകാരില്ലാത്തതിനാലാണ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ കൊലപാതകക്കേസ് എടുക്കാത്തതെന്താണെന്ന് ഹൈദരാബാദ് ഹൈക്കോടതി ചോദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ചക്കകം ഹാജരാക്കണമെന്നും കോടതി ആന്ധ്രാസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചിറ്റൂരിലെ വനമേഖലയില്‍ വെച്ച് ആന്ധ്രാ പോലീസ് 20 പേരെ വെടിവെച്ച് കൊന്നിരുന്നത്. സ്വയം രക്ഷക്കായി ഏറ്റുമുട്ടലിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം.

എന്നാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ യാത്രക്കിടെ ബസില്‍ വെച്ച് പോലീസ് തലേ ദിവസം പിടികൂടിയെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇവര്‍ക്കൊപ്പം  യാത്ര ചെയ്യുകയും പോലീസ് അറസ്റ്റ് ചെയ്യാന്‍ വിട്ട് പോവുകയും ചെയ്ത ശേഖര്‍ എന്നയാളുടെ വിശദീകരണമാണ് പോലീസിന്റെ വാദം പൊളിച്ചിരുന്നത്. ചന്ദനക്കടത്തുകാരില്‍ നിന്നും ആക്രമണം നേരിട്ടപ്പോഴാണ് തിരിച്ചടിച്ചതെന്നായിരുന്നു പോലീസ് നല്‍കിയിരുന്ന വിശദീകരണം.

Latest Stories

We use cookies to give you the best possible experience. Learn more