| Friday, 18th April 2025, 11:22 am

മത്സ്യാഹാരം കഴിക്കുന്നവര്‍ വൃത്തികെട്ടവര്‍; മഹാരാഷ്ട്രയില്‍ മറാത്തികളും ഗുജറാത്തികളും തമ്മില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ മത്സ്യാഹാരം കഴിച്ചതിനെ ചൊല്ലി മറാത്തികളും ഗുജറാത്തികളും തമ്മില്‍ വാക്കേറ്റം. മത്സ്യവും മാംസവും കഴിക്കുന്ന മറാത്തികളെ ഗുജറാത്തിയായ വ്യക്തി വൃത്തികെട്ടവനെന്ന് വിളിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

മുംബൈയിലെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലായിരുന്നു സംഭവം. ഘാട്‌കോപ്പറിലെ സംഭവ് ദര്‍ശന്‍ സഹകരണ ഭവന സൊസൈറ്റിയിലാണ് സംഘര്‍ഷമുണ്ടായത്.

അയല്‍ക്കാരനായ വ്യക്തി മത്സ്യവും മാംസവും കഴിക്കുന്നത് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രശ്‌നമുണ്ടായതെന്ന് റെസിഡന്‍സിലെ താമസക്കാരന്‍ പറഞ്ഞു.

മറാത്തികളായ നിങ്ങള്‍ വൃത്തികെട്ടവരാണെന്നും മത്സ്യവും മാംസവും കഴിക്കുന്നവരാണെന്ന് പറഞ്ഞായിരുന്നു ആക്ഷേപമെന്ന് റാം റിഗെയെന്ന താമസക്കാരന്‍ പറഞ്ഞു.

അതേസമയം ഗുജറാത്തികളും മറാത്തികളും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഇടപെടുകയുണ്ടായി. ഗുജറാത്തി വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കുന്നതായായിരുന്നു പ്രതികരണമെന്ന് താമസക്കാര്‍ പറഞ്ഞു.

മറാത്തി നിവാസികളോട് മോശമായി പെരുമാറരുതെന്നും ഇനി മോശമായി പെരുമാറിയാല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മറാത്തികള്‍ വൃത്തികെട്ടവരാണെന്നാണ് അവര്‍ പറയുന്നതെന്നും അതിനര്‍ത്ഥം മഹാരാഷ്ട്രയും വൃത്തിക്കെട്ടതാണെന്നും പിന്നെന്തിനാണ് ഇത്ര വൃത്തികെട്ട സ്ഥലത്ത് വന്നതെന്നും നവനിര്‍മാണ്‍സേന അംഗങ്ങള്‍ പറയുന്നു.

അതേസമയം പ്രതിഷേധം തെരുവുകളിലേക്കും വ്യാപിച്ചതോടെ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിഭാഗങ്ങളുമായി കൂടിച്ചേര്‍ന്നായിരിക്കും നടപടിയെന്നും പൊലീസ് പറഞ്ഞു.

Content Highlight: Those who eat fish are dirty; Clashes between Marathis and Gujaratis in Maharashtra

We use cookies to give you the best possible experience. Learn more