| Friday, 14th November 2025, 3:15 pm

ജനത്തെ അറിയാത്തവര്‍ നയിക്കാന്‍ മുന്നില്‍ നില്‍ക്കരുത്; അസംബ്ലികളിലേക്ക് ഇനിയും മത്സരിക്കരുത്: രാഹുല്‍ ഗാന്ധിയോട് പി. സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് എന്‍.ഡി.എ സഖ്യത്തിന്റെ വിജയം ഉറപ്പിച്ചിരിക്കെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് ഡോ. പി. സരിന്‍.

ഇന്ത്യാ സഖ്യം തോറ്റുപോയതല്ലെന്നും ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും സരിന്‍ രംഗത്തെത്തി. ജനത്തെ അറിയാത്തവര്‍ ഏതോ ഭൂതകാല കുളിരിന്റെ പേരില്‍ നയിക്കാന്‍ ഇനിയും നില്‍ക്കരുതെന്നും സരിന്‍ പറഞ്ഞു.

രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ ഒഴിച്ച് ഇന്ത്യയിലൊരിടത്തും നിയമസഭ കാണാന്‍ യോഗ്യതയില്ലാത്ത കോണ്‍ഗ്രസ് ഇനിയും നിയമസഭാ തെരഞ്ഞടുപ്പുകളില്‍ മത്സരിക്കാന്‍ ഒരുങ്ങരുതെന്ന് സരിന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇനി ചെയ്യാനുള്ളത് ബി.ജെ.പിയുടെ തീവ്രവാദ അജണ്ടകളെ തോല്‍പ്പിക്കാന്‍ അതത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴി മാറി കൊടുക്കുക എന്നതാണ്. ഇതുമാത്രമാണ് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ബാക്കിയാകുന്ന മാന്യമായ രാഷ്ട്രീയമെന്ന് സരിന്‍ കുറിച്ചു.

പി. സരിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്‍ഡ്യ തോറ്റുപോയതല്ല; ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കുകയാണ്.
ജനത്തെ അറിയാത്തവര്‍ ഏതോ ഭൂതകാലക്കുളിരിന്റെ പേരില്‍ നയിക്കാന്‍ ഇനിയും മുന്നില്‍ നില്‍ക്കരുത്.
രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാല്‍ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാന്‍ യോഗ്യതയില്ലാത്ത കോണ്‍ഗ്രസ്, ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാന്‍ നില്‍ക്കരുത്.
ആഖജയുടെ തീവ്രവാദ വര്‍ഗ്ഗീയ അജണ്ടകളെ തോല്‍പ്പിക്കാന്‍ അതാത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴിമാറിക്കൊടുക്കുക എന്നത് മാത്രമാണ് ഇനി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ബാക്കിയാകുന്ന മാന്യമായ രാഷ്ട്രീയം.

അതേസമയം, തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചാണ് ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ(എം.എല്‍), വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി എന്നിവരുടെ നേതൃത്വത്തില്‍ മഹാഗഡ്ബന്ധന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചരണം.

യുവ വോട്ടര്‍മാര്‍ക്കിടയില്‍ തേജസ്വി യാദവിന് വലിയ സ്വാധീനം നേടാനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. കഴിഞ്ഞതവണ ആര്‍.ജെ.ഡിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാനായതും പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രതീക്ഷിച്ച ഫലമല്ല പുറത്തുവരുന്നത്. നിലവില്‍ 36 സീറ്റുകളില്‍ മാത്രമാണ് ആര്‍.ജെ.ഡി മുന്നേറുന്നത്. 200 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് നിലനിര്‍ത്തുന്നുണ്ട്.

ലീഡ് നിലയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുകയാണ്. കോണ്‍ഗ്രസിന്റെ മുന്നേറ്റം മൂന്ന് സീറ്റുകളില്‍ മാത്രമായി ഒതുങ്ങി. അതേസമയം അഞ്ച് സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നുണ്ട്. നാല് സീറ്റില്‍ സി.ഐ.ഐ.എം.എലും ഒരു സീറ്റില്‍ സി.പി.ഐ.എമ്മും ലീഡില്‍ തുടരുകയാണ്.

Content Highlight: Those who do not know the people should not stand in front to lead: P. Sarin to Rahul Gandhi

We use cookies to give you the best possible experience. Learn more