തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി അരങ്ങേറികൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ നടത്തുന്നത് വട്ടുള്ളവരാണെന്നും അതില്‍ ബി.ജെ.പിക്ക് ഉത്തരവാദിത്തമില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവെക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ചില വട്ടുള്ള ആളുകള്‍ രാജ്യത്ത് തെറ്റുകള്‍ ചെയ്‌തേക്കാം, അതിനെയെല്ലാം ഞങ്ങളുടെ തലയില്‍ കെട്ടിവെക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസും സി.പി.ഐമ്മും കളിക്കുന്നത്. ആരെങ്കിലും ഭരണഘടയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കണം. അല്ലാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഏറ്റെടുത്ത് രഷ്ട്രീയ വിവാദമാക്കുകയല്ല വേണ്ടത്,’ രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
എന്നാല്‍ രാജ്യത്ത് വിവിധയിടങ്ങില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി അധ്യക്ഷന്റെ ഇത്തരത്തിലുള്ള പരാമര്‍ശം. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും നേതൃത്വത്തില്‍ നിരവധി അക്രമ സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ക്രിസ്മസ് ദിനത്തിലും സംഘപരിവാര്‍ അക്രമികളുടെ അതിക്രമം തുടര്‍ന്നു.
ദല്‍ഹിയിലെ ലജ്പദ് നഗരില്‍ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ സംഘ്പരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ അധിക്ഷേപിക്കുകയും ആഘോഷം തടഞ്ഞ് തെരുവില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്തു.
വിശ്വ ഹിന്ദു പരിഷത്ത് സംഘം നല്‍ബാരിലെ സ്‌കൂളില്‍ അതിക്രമിച്ച് കടക്കുകയും സാന്റാക്ലോസ് അടക്കമുള്ള ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ദല്‍ഹിയിലെ ലജ്പത് നഗരില്‍ സാന്റാക്ലോസ് തൊപ്പികള്‍ ധരിച്ചെത്തിയ വിശ്വാസികളെ മതപരിവര്‍ത്തനം ആരോപിച്ച് അധിക്ഷേപിക്കുകയും നിങ്ങളുടെ വീടുകളില്‍ ചെന്ന് ആഘോഷിക്കൂ എന്ന് ആഘ്രോഷിച്ചുകൊണ്ട് ആഘോഷം തടയുകയും ചെയ്തു.
കൂടാതെ ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി കൊടുക്കാതെ വാജ്‌പെയ് ജന്മദിനാഘോഷം നടത്തണമെന്ന കര്‍ശന നടപടി യോഗി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ലോക്ഭവനിലും ക്രിസ്മസ് ദിനം പ്രവര്‍ത്തി ദിവസമാക്കിയത് വിവാദങ്ങള്‍ക്ക് കാരണമായി. കേരളത്തിലടക്കം കരോള്‍ സംഘങ്ങളെ തടഞ്ഞ്‌കൊണ്ട് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ അതിക്രമങ്ങല്‍ രാജ്യത്ത് വര്‍ധിച്ച് വരികയാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെനോറ്റോ പറഞ്ഞു. ക്രിസ്മസ് സന്ദേശത്തിലൂടെയായിരുന്നു വിമര്‍ശനം.
അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സി.എ.സ്.ഐ സഭ ബിഷപ്പ് മലയില്‍ കോശി ചെറിയാന്‍ പ്രതികരിച്ചു. നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ക്രിസ്മസിന്റെ പ്രധാന്യം തകര്‍ത്തുകളയാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ക്രൈസ്തവ സഭകളുടെ വിമര്‍ശനം.
Content Highlight:Those who commit violence against Christians are crazy; BJP has no role, says Rajiv Chandrasekhar