| Thursday, 4th June 2026, 7:19 pm

ബ്രിട്ടീഷുകാർക്ക് കോൺഗ്രസിനെ ഒറ്റുകൊടുത്തവർ, കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തെ കുറിച്ച് പറയേണ്ട; നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാനുള്ള അർപ്പണബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാകും യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോവുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങൾ പാലിച്ചു കൊണ്ട് ഒരു ‘പുതുയുഗ കേരളം’ യാഥാർത്ഥ്യമാക്കാനുള്ള കൂട്ടായ പരിശ്രമമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനാധിപത്യ സംവിധാനത്തിൽ തെറ്റായ നടപടികൾ ചൂണ്ടിക്കാണിക്കാൻ ജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും അവകാശമുണ്ടെന്നും, തെറ്റാണെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങൾ തിരുത്താൻ സർക്കാരിന് ഒരു അപകർഷതാ ബോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അഞ്ച് ‘ഇന്ദിരാ ഗ്യാരണ്ടികളിൽ’ രണ്ടെണ്ണം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുടെ ആദ്യഘട്ടം ഈ മാസം 15 മുതൽ നടപ്പിലാക്കും.

ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ഇത് അവർക്ക് നൽകുന്ന ഔദാര്യമല്ലെന്നും, മുതിർന്ന പൗരന്മാരെക്കൂടി സംസ്ഥാനത്തിന്റെ നിർമാണത്തിൽ പങ്കാളികളാക്കുന്ന ‘സിൽവർ ഇക്കോണമി’ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ 600 കി.മീ തീരപ്രദേശവും അന്താരാഷ്ട്ര തുറമുഖങ്ങളും സംയോജിപ്പിച്ച് കേരളത്തെ ഒരു വലിയ തുറമുഖ നഗരമാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ചരക്കുനീക്കത്തിന്റെ 50 ശതമാനമെങ്കിലും കടൽ വഴിയാക്കും. ക്രൂയിസ് ഷിപ്പിങ്ങും നദികളുമായി ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതികളും ഇതിന്റെ ഭാഗമായി വരും.

വിമാനത്താവളങ്ങളെ വികസിപ്പിച്ച് 27 ഏവിയേഷൻ പദ്ധതികളിലൂടെ കേരളത്തെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി മാറ്റും.

സർക്കാർ ഇനി നേരിട്ട് ബിസിനസ് നടത്തില്ല. പകരം സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുന്ന ‘ഫെസിലിറ്റേറ്റർ’ റോളാകും സർക്കാർ ഏറ്റെടുക്കുക. പുതിയ സ്റ്റാർട്ട്അപ്പുകൾക്കായി റിവോൾവിങ് ഫണ്ടും മെന്ററിങ് സംവിധാനവും ഒരുക്കും.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കാലഹരണപ്പെട്ട കോഴ്‌സുകൾ മാറ്റി ആഗോള തൊഴിൽ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തും. ബ്രെയിൻ ഡ്രെയിൻ തടയാൻ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ ഇവിടെത്തന്നെ ആരംഭിക്കും.

കേരളത്തിലെ യുവത്വത്തെ തകർക്കുന്ന മയക്കുമരുന്ന് ശൃംഖലകൾ അതിശക്തമായി തകർക്കും. ആഭ്യന്തര, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ ഇതിനായി സംയുക്ത പദ്ധതികൾ ആരംഭിക്കും.

മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പരമ്പരാഗത രീതികളും എ.ഐ (AI) സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തും.

ഭൂ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തി പാവപ്പെട്ടവർക്ക് ഉപാധിരഹിത പട്ടയങ്ങൾ വിതരണം ചെയ്യും.

വനാവകാശ നിയമം പൂർണ്ണമായി നടപ്പാക്കും. ഈ വിഭാഗക്കാർക്ക് പി.എസ്.സി നിയമനം ലഭിക്കുന്നില്ലെങ്കിൽ 3 വർഷത്തിന് ശേഷം പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുമെന്നും അദ്ദേഹം നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ സർക്കാർ വലിയ തോതിലുള്ള സാമ്പത്തിക മിസ്മാനേജ്‌മെന്റാണ് നടത്തിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 35,000 കോടി രൂപയുടെ പദ്ധതികളിൽ 20,500 കോടിയോളം രൂപ ഖജനാവിലില്ല. പതിനാറാം ധനകാര്യ കമ്മീഷൻ വഴി ലഭിക്കുമെന്ന് കരുതിയ തുകകളിലും വലിയ കുറവുണ്ടായി.

ട്രഷറിയിൽ 6,000 കോടി രൂപ ബാക്കിവെച്ചിട്ടാണ് പോയതെന്ന പ്രതിപക്ഷ പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മെയ് 16ന് വെറും 2,000 കോടി മാത്രമാണ് ഉണ്ടായിരുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം (1982 കോടി), എസ്‌.സി/എസ്‌.ടി വിദ്യാർത്ഥികളുടെ ഫണ്ട് (377 കോടി), ജീവനക്കാരുടെ ഡി.എ കുടിശിക (21,000 കോടി), പെൻഷൻ കുടിശിക (14,387 കോടി), സപ്ലൈകോ (2893 കോടി), കാരുണ്യ പദ്ധതി (2017 കോടി) എന്നിങ്ങനെ വലിയ കുടിശികകൾ വരുത്തിവെച്ചാണ് കഴിഞ്ഞ സർക്കാർ പോയത്.

കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്നും വലിയ പലിശയ്ക്കാണ് കടമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വരുത്തിവെച്ച ബാധ്യതകൾ സർക്കാർ അടയ്ക്കേണ്ടി വരും. ഇതിൽ വിദഗ്ദ്ധാഭിപ്രായം തേടി തുടർനടപടികൾ സ്വീകരിക്കും. ധവളപത്രം പ്രതിപക്ഷത്തിന് നേരെ പിടിച്ച കണ്ണാടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി, കഴക്കൂട്ടത്തും ചാത്തന്നൂരും എൽ.ഡി.എഫിനാണ് വോട്ട് വൻതോതിൽ കുറഞ്ഞതെന്നും ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കിയത് ആരാണെന്ന് ഇതിലൂടെ വ്യക്തമാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

കൂടാതെ, രണ്ടാം ലോകമഹായുദ്ധ കാലത്തെ സ്റ്റാലിൻ-ഹിറ്റ്‌ലർ ഉടമ്പടിയെ കുറിച്ചും 1948ലെ കൽക്കട്ട തീസിസ് വഴി കമ്മ്യൂണിസ്റ്റുകാർ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും അ​ദ്ദേഹം പറഞ്ഞു.

മോസ്‌കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്നും, മലബാർ കലാപകാലത്ത് കോൺഗ്രസുകാരുടെ ഒളിത്താവളങ്ങൾ ബ്രിട്ടീഷുകാർക്ക് കാട്ടിക്കൊടുത്ത ഒറ്റുകാരായിരുന്നു അവരെന്നും അദ്ദേഹം വിമർശിച്ചു.

ഭാവിയുടെ കേരളത്തിന് വേണ്ടിയുള്ളതാണ് ഈ നയപ്രഖ്യാപനമെന്നും, ബജറ്റിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി, യു.ഡി.എഫ് സ്വീകരിച്ച മതേതര നിലപാടിനുള്ള അംഗീകാരമാണ് ഈ ഭരണമാറ്റമെന്നും വർ​ഗിയതയോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

Content Highlight: Those who betrayed the Congress to the British, the communists should not talk about the freedom struggle; Chief Minister in his policy statement

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more