| Saturday, 31st October 2026, 10:30 am

ചോദ്യം ചോദിക്കുന്നവര്‍ ഭീകരവാദികള്‍, മോദിയാവാനുള്ള കോഴ്‌സ് ഫുള്‍ മാര്‍ക്കില്‍ പാസാവാന്‍ മുഖ്യമന്ത്രി കഷ്ടപ്പെടുന്നു: എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജ് കോളേജിലെ ബിരുധ ദാന ചടങ്ങിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ചോദ്യം ചോദിക്കുന്ന വിദ്യാര്‍ത്ഥികളെ ഭീകരവാദികളാക്കുകയും മോദിയാവാനുള്ള കോഴ്‌സ് എടുക്കുകയാണ് മുഖ്യമന്ത്രിയെന്നും എം.ശിവപ്രസാദ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചോദ്യം ചോദിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭീകരവാദികള്‍. ആശുപത്രിയില്‍ പോലും കയറി മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളുടെ തല തല്ലി പൊളിക്കുന്നവര്‍ നല്ല കുഞ്ഞുങ്ങള്‍. മോദി ആവാനുള്ള കോഴ്‌സ് ഫുള്‍ മാര്‍ക്കില്‍ പാസ് ആവാന്‍ ഓവര്‍ ടൈം കഷ്ടപ്പെടുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാട് കൊള്ളാം,’ എസ്.എഫ്.ഐ നേതാവ് പറഞ്ഞു.

എസ്.എഫ്.ഐയുടെ നടപടി ഒരു നിലയ്ക്കും ന്യായീകരിക്കാന്‍ കഴിയില്ലെന്നും എസ്.എഫ്.ഐ നേതാക്കള്‍ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ശിവപ്രസാദിന്റെ വിമര്‍ശനം.

‘എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെ തടയുകയും ചെയ്ത എസ്.എഫ്.ഐ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. ക്യാംപസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രിമിനലുകളെ പോലെയാണ് പെരുമാറിയത്.

ജനാധിപത്യ രീതിയില്‍ പ്രതിഷേധം അറിയിക്കുന്നതിന് പകരം തനി ഗുണ്ടായിസമാണ് മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ കാണിച്ചത്. കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിറ്റുകള്‍ കൊണ്ട് എസ്.എഫ്.ഐ അലങ്കോലമാക്കിയത്. വിദ്യാര്‍ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അലങ്കോലപ്പെടുത്തിയതിന് എസ്.എഫ്.ഐ പൊതു സമൂഹത്തോടും വിദ്യാര്‍ഥികളോടും അവരുടെ കുടുംബത്തോടും മാപ്പ് പറയണം.
ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും,’ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബിരുദ ദാന ചടങ്ങിനിടെയായിരുന്നു ഇന്നലെ മഹാരാജാസ് കോളേജില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രി റോജി.എം. ജോണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സദസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.

ഇതിന് പിന്നാലെ യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ വേദിയിലേക്ക് എത്തുകയും മന്ത്രിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു. രണ്ട് ചോദ്യങ്ങളോട് പോലും എന്തിനാണിത്ര പേടിയെന്ന് മിസ്രിയ ചോദിച്ചിരുന്നു.

മറുപടി പറയാമെന്ന് പറഞ്ഞല്ലോയെന്നും എന്തിനാണ് പരിപാടി തടസപ്പെടുത്തണമെന്നുമായിരുന്നു മന്ത്രി തിരിച്ച് ചോദിച്ചത്. ഇതിനിടെ ‘വിദ്യാര്‍ത്ഥികളെ എന്തിന് സസ്‌പെന്‍ഡ് ചെയ്തു’, ‘കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല’, എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്.എ.ഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

Content Highlight: Those who ask questions are branded terrorists; the Chief Minister is struggling to pass the ‘course’ on becoming Modi with full marks: SFI

Latest Stories

We use cookies to give you the best possible experience. Learn more