| Sunday, 29th June 2025, 2:40 pm

അഭിപ്രായം തുറന്ന് പറയുന്നതിന്റെ പേരില്‍ എഴുത്തുകാരെ അധിക്ഷേപിക്കുന്നവര്‍ ജനാധിപത്യവിശ്വാസികളല്ല: കെ.ആര്‍. മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന അഭിപ്രായക്കാര്‍ക്ക് മറുപടിയുമായി എഴുത്തുകാരി കെ.ആര്‍. മീര. എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തില്‍ പ്രതിധ്വനിക്കുമെന്നും തന്റെ രാഷ്ട്രീയവും നിലപാടുകളും തന്റെ രചനകളിലുണ്ടെന്നും കെ.ആര്‍. മീര പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മീരയുടെ പ്രതികരണം.

സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട് പരസ്യപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരാണെന്നും കെ.ആര്‍. മീര പറഞ്ഞു. പക്ഷേ ജനാധിപത്യവ്യവസ്ഥയില്‍ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കാനുള്ള അവകാശം എഴുത്തുകാര്‍ക്ക് നിഷേധിക്കാനോ എഴുത്തുകാര്‍ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കണമെന്ന് നിര്‍ബന്ധിക്കാനോ ആര്‍ക്കും അധികാരമില്ലെന്നും മീര കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം. സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് കെ.ആര്‍. മീര നേരിട്ടത്. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനം നേര്‍ന്നുകൊണ്ടുള്ള മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് സൈബര്‍ പോരാളികളെ കൂടുതല്‍ പ്രകോപിതരാക്കുകയും ചെയ്തിരുന്നു.

ഇടത് സ്ഥാനാര്‍ത്ഥിക്കായി ഒരു യോഗത്തില്‍ സംസാരിച്ചതോടെ കെ.ആര്‍. മീരക്കെതിരായ സൈബര്‍ അധിക്ഷേപം തുടര്‍ന്നു. ഇതിനുപിന്നാലെയാണ് അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി മീര രംഗത്തെത്തിയത്.

‘എഴുത്തുകാര്‍ സ്വന്തം അഭിപ്രായം തുറന്ന് പറയുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുന്നവര്‍ ജനാധിപത്യവിശ്വാസികളല്ല. ലോക ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങള്‍ക്കും ചാലകശക്തിയായി എഴുത്തുകാരും അവരുടെ കൃതികളും ഉണ്ടായിരുന്നു. ഇനിയും അതു തുടരും,’ കുറിപ്പില്‍ പറയുന്നു.

സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെയും എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും പൂര്‍ണപൗരത്വമാണ് തന്റെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും മാര്‍ഗദീപമെന്നും കെ.ആര്‍. മീര പറഞ്ഞു.

സ്ത്രീവിരുദ്ധത വച്ചുപുലര്‍ത്തിക്കൊണ്ട് മതവര്‍ഗീയതയെയും ജാതീയതയെയും ന്യൂനപക്ഷ വിരുദ്ധതയെയും ഇതിന്റെയെല്ലാം ഭീമരൂപമായ ഫാസിസത്തെയും പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതായും മീര പ്രതികരിച്ചു.

പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീവിരുദ്ധതയെ പ്രോല്‍സാഹിപ്പിക്കാത്ത വ്യക്തികളെയും സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയുള്ളവരും ജെന്‍ഡര്‍ ജസ്റ്റിസ് നടപ്പിലാക്കുന്നതില്‍ പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരുമായ രാഷ്ട്രീയകക്ഷികളെയും മാത്രമേ താന്‍ പിന്തുണക്കുകയുള്ളുവെന്നും കെ.ആര്‍. മീര വ്യക്തമാക്കി.

സ്ത്രീവിരുദ്ധതയാണ് എല്ലാത്തരം ഫാസിസത്തിന്റെയും തുടക്കമെന്ന് വിശ്വസിക്കുന്നവര്‍ക്ക് തന്നോടൊപ്പം നില്‍ക്കാമെന്നും അവരോടൊപ്പം താനുമുണ്ടാവുമെന്നും മീര പറഞ്ഞു.

‘മിണ്ടാതിരുന്നാല്‍ എല്ലാവരുടെയും നല്ലകുട്ടിയാകാം. ഇനി അഥവാ മിണ്ടിയാല്‍ത്തന്നെ മാധ്യമങ്ങള്‍ ആരുടെ പക്ഷത്താണോ അവര്‍ക്ക് വേണ്ടി നിലകൊണ്ടാലും പേടിക്കാനില്ല. പക്ഷേ മെച്ചപ്പെട്ട ലോകം സ്വപ്നം കാണുന്ന പുതിയ തലമുറയെ മുന്നില്‍ക്കാണുന്നു. അവര്‍ക്കെങ്കിലും യഥാര്‍ത്ഥ ജനാധിപത്യം അനുഭവിക്കാന്‍ അവസരമുണ്ടാകണമെന്ന് ആഗ്രഹമുണ്ടാകുന്നു,’ കെ.ആര്‍. മീര പറഞ്ഞു.

എന്ത് നിലപാട് സ്വീകരിക്കണമെന്ന് ടാഗോറില്‍ നിന്ന് പഠിച്ചിട്ടുണ്ടെന്ന് ‘ജോഡി തോര്‍ ഡാക് ഷുനെ കേവു ന അഷെ തൊബെ ഏക് ല ഛലോ രേ (നിങ്ങളുടെ വിളികേട്ട് ആരും ഒപ്പം വരുന്നില്ലെങ്കില്‍ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു പോകുക)’ എന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ട് മീര വ്യക്തമാക്കി. അടിയന്തിരാവസ്ഥ കാലത്ത് നിരോധിക്കപ്പെട്ട ഗാനമാണ് കെ.ആര്‍. മീര ഉദ്ധരിച്ചത്.

Content Highlight: Those who abuse writers for expressing their opinions are not democrats: K.R. Meera

We use cookies to give you the best possible experience. Learn more