ടെഹ്‌റാന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ തത്വങ്ങളും സന്ദേശങ്ങളും ഉദ്ധരിച്ച് സംസാരിക്കുന്ന രാജ്യങ്ങള്‍ സ്വന്തം നിലപാടുകളും പെരുമാറ്റവും അതിന് അനുസൃതമാണോയെന്ന് സ്വയം പരിശോധിക്കണമെന്ന് ഇറാന്‍.
ഇസ്‌ലാം പഠിപ്പിക്കുന്നത് അനുസരിച്ച് ശ്രേഷ്ഠത നിര്‍ണയിക്കുന്നത് അറബി സംസാരിക്കുന്നതിലൂടെയോ ഇസ്‌ലാമിന്റെ ജന്മസ്ഥലവുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം മൂലമോ അല്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഇസ്മായില്‍ ബഗായ് പറഞ്ഞു.
അറബി സംസാരിക്കുന്നുവെന്ന കാരണം കൊണ്ട് മാത്രം മുഹമ്മദ് നബിയുടെ പ്രവാചക ദൗത്യത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുസ്‌ലിങ്ങള്‍ അടിച്ചമര്‍ത്തുന്നവരെ പിന്തുണയ്ക്കുകയോ അവരുമായി സഖ്യമുണ്ടാക്കുകയോ ചെയ്യരുത്,’ ഖുര്‍ആന്‍ വാക്യങ്ങളും വചനങ്ങളും പരാമര്‍ശിച്ച് കൊണ്ട് ബഗായ് പറഞ്ഞു.
ഒരു മുസ്‌ലിം രാജ്യത്തിനെതിരെ ആക്രമണം നടത്തിയ ശക്തികളുമായി സഹകരിക്കുന്നതും ആതിഥേയത്വം വഹിക്കുന്നതും പിന്തുണക്കുന്നതും നീതി, മുസ്‌ലിം രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യദാര്‍ഢ്യം എന്നിവയെക്കുറിച്ചുള്ള ഇസ് ലാമിക പാഠങ്ങളുമായി പൊരുത്തപ്പെട്ട് പോവുന്നതാണോയെന്നും ബഗായ് ചോദിച്ചു.
മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ബഹ്റൈനിലെ യു.എസ്. സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഇറാനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രവാചക സന്ദേശങ്ങളും ചരിത്രപരമായ പശ്ചാത്തലവും ചൂണ്ടിക്കാട്ടിയായിരുന്നു ബഹ്റൈന്റെ പ്രസ്താവന.
എന്നാല്‍, സ്വന്തം ഭൂപ്രദേശത്ത് അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കുകയും മേഖലയില്‍ ഇസ്രഈലിന്റെ നീക്കങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നവര്‍ പ്രവാചക സന്ദേശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വൈരുദ്ധ്യമാണെന്ന് ഇറാന്‍ തിരിച്ചടിച്ചു.
മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം വിദേശ സൈന്യത്തിന്റെ സാന്നിധ്യമാണെന്നും സ്വന്തം രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടുകള്‍ അയല്‍രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്നും ബഗായ് ആവശ്യപ്പെട്ടു.
ഇറാന്‍ നടത്തുന്ന പ്രതിരോധ നടപടികള്‍ സ്വന്തം പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനാണ്. പ്രവാചക സന്ദേശങ്ങള്‍ ദുരുപയോഗം ചെയ്ത് ഇറാന്റെ പ്രതിരോധ അവകാശങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight:Those quoting the Prophet’s messages should first examine their own stances: Iran responds to Bahrain.