| Friday, 23rd October 2026, 1:31 pm

'എക്‌സ്പയറി കഴിഞ്ഞവര്‍'; ആര് എതിര്‍ത്താലും മരുന്ന് നല്‍കും; മുന്‍ ആരോഗ്യമന്ത്രിമാര്‍ക്കെതിരെ പരിഹാസവുമായി കെ. മുരളീധരന്‍

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) മരുന്ന് മാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർക്കെതിരെ അദ്ദേഹം രൂക്ഷമായ രാഷ്ട്രീയ പ്രത്യാക്രമണം നടത്തി.

സ്വന്തം പാർട്ടി തന്നെ ‘എക്സ്പയറി കഴിഞ്ഞവർ’ എന്ന് മുദ്രകുത്തി തള്ളിയ മൂന്ന് മുൻ വനിതാ മന്ത്രിമാരെയാണ് തന്നെ ലക്ഷ്യമിടാൻ വേണ്ടി ഇപ്പോൾ സി.പി.ഐ.എം ഒന്നിച്ച് കളത്തിലിറക്കിയിരിക്കുന്നതെന്ന് മുരളീധരൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.

മുൻ ആരോഗ്യമന്ത്രിമാരുടെ ഭരണകാലത്ത് നടന്ന ഗുരുതരമായ അഴിമതികളും വീഴ്ചകളും എണ്ണിപ്പറഞ്ഞായിരുന്നു മന്ത്രിയുടെ വിമർശനം. എസ്.എ.ടി ആശുപത്രിയിലെ അണുബാധ മൂലം 38 കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചപ്പോൾ ആരായിരുന്നു ആരോഗ്യമന്ത്രിയെന്ന് അദ്ദേഹം ചോദിച്ചു.

‘ചിക്കുൻഗുനിയ പടർന്നുപിടിച്ച കാലത്ത് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ വാങ്ങി കമ്മീഷൻ അടിച്ചവരാണ് ഇവർ. 1,200 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് മുൻ സർക്കാരുകളുടെ കാലത്ത് ഉപയോഗശൂന്യമായി ആശുപത്രികളിൽ തള്ളിയത്. ഇവയിൽ പലതും റിപ്പയർ ചെയ്തും റീകണ്ടീഷൻ ചെയ്തുമാണ് നിലവിലെ സർക്കാർ ഇപ്പോൾ ഉപയോഗയോഗ്യമാക്കുന്നതെന്ന്’ അദ്ദേഹം പറഞ്ഞു.

നിപ ബാധിച്ച് 21 പേർ മരിച്ചെന്ന് അന്നത്തെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദൻ വ്യക്തമാക്കിയപ്പോൾ നിയമസഭയിൽ 16 പേർ മാത്രമാണ് മരിച്ചതെന്ന് കള്ളം പറഞ്ഞവരും, ഗൺമാനെക്കൊണ്ട് കള്ളം പറയിപ്പിച്ച് അടികിട്ടാത്ത അടി കിട്ടിയെന്ന് പൊലീസിനെക്കൊണ്ട് വ്യാജ റിപ്പോർട്ടുണ്ടാക്കിയവരുമാണ് ഇപ്പോൾ തനിക്കെതിരെ മാന്യന്മാരായി ചമഞ്ഞ് രംഗത്തുവരുന്നതെന്നും മന്ത്രി തുറന്നടിച്ചു.

എസ്.എം.എ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ പൂർണമായും തള്ളിയ മന്ത്രി, ആര് എതിർത്താലും രോഗികൾക്ക് സർക്കാർ മരുന്ന് നൽകുമെന്ന ഉറച്ച നിലപാടിലാണ്.

ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ വഴി അനാവശ്യ ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് മരുന്ന് താത്ക്കാലികമായി തിരിച്ചെടുത്തതെന്നും, ഇത് മരുന്നിന്റെ ഗുണനിലവാരത്തിലുള്ള സംശയം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

മരുന്നിന്റെ കാര്യക്ഷമതയെ സുപ്രീം കോടതി പോലും അംഗീകരിച്ചതാണ്. മന്ത്രിയല്ല മരുന്ന് തീരുമാനിക്കുന്നത്, വിദഗ്ധ ഡോക്ടർമാരുടെ സമിതി നിർദേശിക്കുന്ന മരുന്നുകളാണ് വിതരണം ചെയ്യുന്നത്. മാതാപിതാക്കൾക്കുള്ള ആശങ്കകൾ പരിഹരിക്കാൻ ഡോക്ടർമാർ അവരുമായി നേരിട്ട് സംസാരിക്കുന്നുണ്ടെന്നും ഇതിന് കൃത്യമായ പ്രോട്ടോക്കോൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ വിദേശ മരുന്ന് മാഫിയകളുടെ ശക്തമായ ഇടപെടലുകളുണ്ടെന്ന് മന്ത്രി ആരോപിച്ചു. 2024-ൽ സ്വിസ് കമ്പനിയായ റോഷിൽ നിന്നാണ് മരുന്ന് വാങ്ങിയത്. ആ വകയിൽ 50 കോടി രൂപ ഇനിയും അവർക്ക് നൽകാനുണ്ട്. വിദേശ കുത്തക മരുന്ന് കമ്പനികളെ സംരക്ഷിക്കാനാണ് ഇത്തരം വിവാദങ്ങൾ പടച്ചുവിടുന്നത്. ഇനി വിദേശ കമ്പനികളുടെ മരുന്നുകൾ അനുവദിക്കില്ലെന്നും നിലവിലെ മരുന്ന് തന്നെ വിപണിയിൽ ഇറക്കുമെന്നും മുരളീധരൻ പറഞ്ഞു.

കെ.എം.എസ്.സി.എൽ വഴി മുൻ സർക്കാരിന്റെ കാലത്ത് ‘ടോറസ്’ എന്നൊരു കമ്പനിയിൽ നിന്ന് മരുന്നുകൾ വാങ്ങിയതിൽ ദുരൂഹതയുണ്ടെന്ന് മുരളീധരൻ ആരോപിച്ചു. ടോറസ് എന്ന കമ്പനിയുടെ എം.ഡി ആരാണെന്നും മരുന്ന് വിതരണം ചെയ്യാൻ അവർക്ക് എന്ത് യോഗ്യതയാണുള്ളതെന്നും പരിശോധിക്കണം. ഇതിൽ വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കൂടാതെ, നാറ്റ്‌കോ ഫാർമ കമ്പനിയുമായി ബന്ധപ്പെട്ട ഫണ്ട് ആരോപണങ്ങളിലും മന്ത്രി മറുപടി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പരിശോധിച്ചാൽ 2023-24-ൽ ഒരു കോടിയും 2024-25-ൽ 50 ലക്ഷം രൂപയും നാറ്റ്‌കോ കമ്പനി സി.പി.ഐ.എമിന് സംഭാവന നൽകിയതായി കാണാം. അന്ന് താനോ വി.ഡി. സതീശനോ ആയിരുന്നില്ല അധികാരത്തിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല, എസ്.എ.ടി ആശുപത്രിയിലെ പതിനാലാം വാർഡ് നവീകരണത്തിനായി സി.എസ്.ആർ ഫണ്ടായി 75 ലക്ഷം രൂപ ആവശ്യപ്പെട്ട് നാറ്റ്‌കോ കമ്പനിക്ക് കത്തയച്ചത് അന്നത്തെ ഭരണകാലത്താണ്. അന്ന് തെരഞ്ഞെടുപ്പ് ഫലം പോലും വന്നിട്ടില്ലാത്ത ഘട്ടത്തിൽ സൂപ്രണ്ട് ഈ തുക ആവശ്യപ്പെട്ടത് അന്നത്തെ ആരോഗ്യമന്ത്രി അറിയാതെയാണോ എന്നും മുരളീധരൻ ചോദിച്ചു.

ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി, എതിർക്കുന്നവർ കോടതിയെ സമീപിക്കട്ടെയെന്നും കഴിഞ്ഞ പത്തു വർഷത്തെ ആരോഗ്യവകുപ്പിലെ എല്ലാ കൊള്ളകളും ക്രമക്കേടുകളും സർക്കാർ വിശദമായിത്തന്നെ അന്വേഷിക്കുമെന്നും വ്യക്തമാക്കി.

Content Highlight:‘Those past their expiry date’; medicine will be administered regardless of who opposes it—K. Muraleedharan takes a dig at former Health Ministers.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more