| Sunday, 20th September 2026, 10:31 am

സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു ട്രോമ കാരണം 'പ്രഥമദൃഷ്ട്യാ കുറ്റക്കാരി'ലെ ആ സീൻ ചെയ്യാൻ എനിക്ക് പേടിയുണ്ടായിരുന്നു: മാത്യു തോമസ്

നന്ദന. ടി

മധു സി. നാരായണന്റെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് മാത്യു തോമസ്. ചിത്രത്തിൽ ഫ്രാങ്കി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ ജെയ്സണായും, ഓപ്പറേഷൻ ജാവയിലെ ജെറിയായും, പ്രേമലുവിൽ തോമസായും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു.

യുവസംവിധായകനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെ തന്റെ കരിയറിലെ ആദ്യ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

2025-ൽ പുറത്തിറങ്ങിയ ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വാഹനാപകടത്തെത്തുടർന്ന്, പിന്നീട് വാഹനങ്ങൾ ഉപയോഗിച്ചുള്ള ചേസ് സീനുകൾ ചെയ്യാൻ തനിക്ക് പേടിയായിരുന്നു എന്ന് പറയുകയാണ് മാത്യു തോമസ്.

മാത്യു തോമസ്. Photo. Screen Grab/ Youtube

പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിൽ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടായത് പൊലീസ് വണ്ടിയായ ബൊലേറോ വച്ചിട്ടുള്ള ഒരു ചേസ് സീൻ ആയിരുന്നു. അത് ഞാൻ കുറച്ചു പേടിച്ചാണ് ചെയ്തത് കാരണം ‘ബ്രോമാൻസ്’ സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു ചെറിയ ട്രോമ ഉണ്ടായിരുന്നു. ആ സിനിമയുടെ ഷൂട്ടിന്റെ ഇടയിൽ ഞങ്ങൾ ഒരു വണ്ടി മറിച്ചിട്ടിട്ടുണ്ടായിരുന്നു.

അന്ന് ആ വണ്ടി ഓടിച്ചത് ഞാനല്ല, വേറെ ആരോ ആയിരുന്നു. പക്ഷെ പ്രഥമദൃഷ്ട്യാ കുറ്റക്കാരിൽ  ഞാനാണ് വണ്ടി ഓടിക്കേണ്ടത്. എന്റെ കൂടെയാണെങ്കിൽ ഇരിക്കുന്നത് പാർവ്വതി ചേച്ചിയും സിദ്ധാർത്ഥ് ഏട്ടനുമൊക്കെയാണ്.

അപ്പോൾ ഇവരെ ഒക്കെ ഞാൻ എവിടെയെങ്കിലും കൊണ്ട് മറിച്ചിടുമോ എന്നായിരുന്നു എന്റെ പേടി. പക്ഷെ വണ്ടി ഓടിച്ചു പഠിക്കാൻ പ്രൊഡക്ഷന്റെ അടുത്ത് ഞാൻ ആദ്യമേ ചോദിച്ചിരുന്നു. അതുകൊണ്ട് കുറച്ചു പേടിയുണ്ടായിരുന്ന കാര്യമാണെങ്കിലും അത് ഞാൻ നല്ല സ്മൂത്തായിട്ടു തന്നെ ചെയ്തു,’ നടൻ പറഞ്ഞു.

ചിത്രത്തിലെ തന്റെ പൊലീസ് വേഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്കെല്ലാം, ആ വേഷം തന്നെ വിശ്വസിച്ച് ഏൽപ്പിച്ച സംവിധായകനോടും ഒപ്പമുണ്ടായിരുന്ന ക്രൂവിനോടുമാണ് നന്ദി പറയുന്നതെന്നും മാത്യു വ്യക്തമാക്കി. തന്റെ അഭിനയം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ഇനി വരുന്ന സിനിമകളിലൂടെ തെരരഞ്ഞെടുക്കാൻ ശ്രമിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

‘ഇപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾക്കൊക്കെ നന്ദി പറയേണ്ടത് പ്രഥമദൃഷ്ട്യായുടെ സംവിധായകൻ ഷഹദിനോടാണ്. കാരണം ഈയൊരു പോലീസ് വേഷം ഞാൻ ചെയ്താൽ നന്നാവും എന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് പ്രധാനം, അതില്ലായിരുന്നെങ്കിൽ ആ ഒരു റോൾ ഞാൻ ചെയ്യില്ലായിരുന്നു.

പ്രഥമദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

പിന്നെ കൂടെ അഭിനയിച്ച പാർവ്വതി ചേച്ചി, കുട്ടേട്ടൻ (വിജയരാഘവൻ), ഉണ്ണിമായ ചേച്ചി, സിദ്ധാർത്ഥ് ചേട്ടൻ, പിന്നെ ചമൻ ചാക്കോയാണ് എഡിറ്റിങ്, റോബിൻ ചേട്ടനാണ് ക്യാമറ ഒക്കെ ചെയ്തത്. ഇത്രയും നല്ലൊരു ക്രൂവിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു.

നമ്മളെ സിനിമയിൽ മോശമായി പ്രസന്റ് ചെയ്യില്ലെന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞുതരുമെന്നും അറിയാമായിരുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാവാൻ തന്നെയാണ് ശ്രമിക്കുന്നത്. കിട്ടുന്ന കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ ചെയ്യാൻ വേണ്ടി ശ്രമിക്കും,’ മാത്യു തോമസ് പറഞ്ഞു.

Content Highlight:Mathew Thomas talks about the difficulty he faced while shooting a chase scene in the movie Pradhama Drishthya Kuttakkar

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more