| Monday, 5th October 2026, 8:52 pm

ലാമിന്‍ യമാലിനെയും ഹാരി കെയ്‌നെയും തള്ളി, ബാലണ്‍ ഡി ഓര്‍ ഇവര്‍ രണ്ട് പേരില്‍ ഒരാള്‍ക്കെന്ന് തോമസ് മുള്ളര്‍

ആദർശ് എം.കെ.

2026ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനായുള്ള പോരാട്ടം കടുക്കവെ, പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരങ്ങളെ തെരഞ്ഞെടുത്ത് ബയേണ്‍ മ്യൂണിക് – ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍.

ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെയും ബയേണ്‍ മ്യൂണിക്കിലെ മുന്‍ സഹതാരം ഹാരി കെയ്‌നെയും ഒഴിവാക്കിയാണ് മുള്ളര്‍ തന്റെ തെരഞ്ഞെടുപ്പ് നടത്തിയത്.

തോമസ് മുള്ളര്‍.

ഫ്രഞ്ച് താരങ്ങളായ കിലിയന്‍ എംബാപ്പെയെയും മൈക്കല്‍ ഒലിസെയെയുമാണ് ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും യോഗ്യരായി മുള്ളര്‍ ചൂണ്ടിക്കാണിച്ചത്.

മൈക്കല്‍ ഒലിസെ

‘എന്നെ സംബന്ധിച്ചിടത്തോളം, അവരുടെ വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് എന്നെ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിച്ച രണ്ട് താരങ്ങളുണ്ട്. അത് മൈക്കല്‍ ഒലിസെയും വേള്‍ഡ് കപ്പില്‍ അദ്ദേഹത്തിന്റെ പങ്കാളിയായ കിലിയന്‍ എംബാപ്പെയുമാണ്,’ മുള്ളറിന്റെ വാക്കുകളെ ഉദ്ധരിച്ച് ദി ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിലിയന്‍ എംബാപ്പെ

‘ഈ രണ്ടുപേരും കണ്ണഞ്ചിപ്പിക്കുന്ന കളിക്കൊപ്പം ഗോള്‍ നേടാനുള്ള കഴിവും ഒരുപോലെ സംയോജിപ്പിക്കുന്നവരാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍, അവരുടെ കളിയിലെ അഴകും കരുത്തും വളരെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഒപ്പം അത് വളരെ എളുപ്പത്തില്‍ ചെയ്യുന്നതുപോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഒരു ‘വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍’ ആകാനുള്ള യോഗ്യത ഇതാണ്. അതിന് മാന്ത്രികതയുടെ സ്പര്‍ശം മാത്രം മതി,’ മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ താന്‍ അര്‍ഹനാണെന്ന വിശ്വാസത്തിലാണ് കിലിയന്‍ എംബാപ്പെ. റയല്‍ മാഡ്രിഡിനും ഫ്രാന്‍സിനും വേണ്ടി താന്‍ നടത്തിയ പ്രകടനങ്ങളും വ്യക്തിഗത കണക്കുകളും അവഗണിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കിലിയന്‍ എംബാപ്പെ

‘ഈ വര്‍ഷം എനിക്ക് ഇത് നേടാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് എന്റെ ലക്ഷ്യങ്ങളിലൊന്നാണ്, അത് സമീപ ഭാവിയില്‍ തന്നെ ഞാന്‍ ലക്ഷ്യം വെക്കുന്ന നേട്ടങ്ങളിലൊന്നാണ്.

ആളുകള്‍ പറയുന്നു ഞാന്‍ ട്രോഫികള്‍ ഒന്നും നേടിയില്ല എന്ന്, എന്നാല്‍ ഇതൊരു വ്യക്തിഗത പുരസ്‌കാരമാണ്. 100% വോട്ടുകളോടെ ഒരു ബാലണ്‍ ഡി ഓര്‍ വിജയിയെയും ഇന്നുവരെ തെരഞ്ഞെടുത്തിട്ടില്ല. അതായത് വിജയിച്ചയാള്‍ അത് അര്‍ഹിക്കുന്നില്ല എന്ന് കരുതുന്ന ആരെങ്കിലും എപ്പോഴും ഉണ്ടാകും,’ എന്നായിരുന്നു എംബാപ്പെ പറഞ്ഞത്.

Content Highlight: Thomas Müller picks the players likely to win the Ballon d’Or this time.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more