തിരുവനന്തപുരം: കഴിഞ്ഞ രണ്ട് എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്തെ സി.പി.ഐ.എം നിലപാടിനെ വിമര്‍ശിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. ആലപ്പുഴയില്‍ ഒരു പാര്‍ട്ടി സമ്മേളനത്തിന്റെ വേദിയിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം.
തോമസ് ഐസക്ക് പാര്‍ട്ടി നിലപാടിനെ വിമര്‍ശിക്കുന്നതിന്റെ ഓഡിയോ വിവിധ മലയാളം ചാനലുകള്‍ പുറത്തുവിട്ടു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിക്ക് ജനം നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണെന്നും തോമസ് ഐസക്ക് പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം.
പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോവുകയാണെങ്കില്‍ അയാള്‍ പൊയ്‌ക്കോട്ടെ എന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചതെന്നും അത് മാറണമെന്നും ഐസക്ക് പറഞ്ഞു. പാര്‍ട്ടി തിരുത്തിയാല്‍ പോര, തിരുത്തിയെന്ന് ജനം മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘അയാള്‍ പോയാല്‍ സൗകര്യം എന്നാണ് പാര്‍ട്ടി കരുതുക. കാരണം അയാളുടെ ചോദ്യത്തിന് മറുപടി പറയേണ്ടല്ലോ, നമ്മള്‍ സത്യവിശ്വാസികള്‍ മാത്രം മതി. ഇത് മനസിലാക്കി തിരുത്തണം. തിരുത്തിയാല്‍ മാത്രം പോരാ. നമ്മള്‍ അങ്ങനെ നന്നായിഎന്ന് ജനങ്ങള്‍ക്ക് തോന്നണം. ഇതാണ് ഒരു പ്രശ്‌നം,’ തോമസ് ഐസക്ക് പറഞ്ഞു.
സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന പ്രചാരണം കേരളത്തിലെ ജനങ്ങള്‍ വിശ്വസിച്ചില്ലേ എന്നും ഐസക്ക് ചോദിച്ചു. അകിന് പാര്‍ട്ടിയുടെ നിലപാടുകളും കാരണമായെന്നും ഐസക്ക് പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ അടക്കം പാര്‍ട്ടി എന്ത് പറഞ്ഞു എന്നു ചോദിച്ച ഐസക്ക് തങ്ങള്‍ ഉദ്ദേശിച്ചില്ലെങ്കിലും വേറെ രീതിയില്‍ വേറെ രീതിയില്‍ വാദങ്ങള്‍ വ്യാഖ്യാനിക്കപ്പെടുമെന്നും പറഞ്ഞു.
‘കേരളത്തിലെ ജനങ്ങളെ ഒക്കെ വിശ്വസിപ്പിച്ചില്ലേ നമ്മളും ബി.ജെ.പിയും ആയിട്ട് ഡീല്‍ ഉണ്ടെന്ന്. അത് പറഞ്ഞല്ലേ നമ്മുടെ കുറച്ച് വോട്ട് ഇവിടെ തട്ടിയെടുത്തത്. കള്ള പ്രചരണമാണ്. നമ്മുടെയും ചില വര്‍ത്താനങ്ങളൊക്കെ അതിന് സഹായിച്ചിട്ടുണ്ട്.
പഴയകാലമല്ല. അയ്യപ്പ സംഗമത്തില്‍ എന്തു പറഞ്ഞു. നമ്മള്‍ ഉദ്ദേശിച്ചിട്ടൊന്നുമില്ല. നമ്മള്‍ ഉദ്ദേശിച്ചില്ലെങ്കിലും അതിന ഇങ്ങനെ വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഒരു തലമുണ്ട്,’ ഐസക്ക് പറഞ്ഞു.
സഹകരണ ബാങ്കുകളെക്കുറിച്ചും തോമസ് ഐസക്ക് സംസാരിക്കുന്നതായി ഓഡിയോയില്‍ കേള്‍ക്കാം. ‘നമ്മുടെ വീട്ടിലെ പണമല്ല. നമ്മുടെ പാര്‍ട്ടിയുടെ പണമല്ല. ഇത് ജനങ്ങളുടെ പണമാണ് നമ്മളെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്. കാശ് മേടിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുക്കണം. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് മാറിക്കോള്ളണം,’ തോമസ് ഐസക്ക് പറഞ്ഞു.
പോരായ്മകള്‍ പലതും ഉണ്ടെന്നും അതൊക്കെ തിരുത്തണമെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. ജനം പാര്‍ട്ടിക്ക് എതിരായി തിരിഞ്ഞിട്ടില്ല. ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് ജനം നല്‍കിയതെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളാണ് തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
പാര്‍ട്ടിയുടെ വിശാല സംസ്ഥാന കമ്മിറ്റി യോഗം ഉടന്‍ ചേരാനിരിക്കെയാണ് തോമസ് ഐസക്കിന്റെ പരാമര്‍ശം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഈ മാസം 13 മുതല്‍ 15 വരെ കോഴിക്കോട്ടാണ് പാര്‍ട്ടിയുടെ നവിശാല സംസ്ഥാന കമ്മറ്റി യോഗം ചേരുക.
Content Highlight: Thomas Issacs Audio Clip: Critoisizing CPIM stand During LDF Rule in Kerala