| Monday, 23rd January 2017, 9:55 am

ലാലിനെ ചളിവാരിയെറിയരുത്: എങ്ങോട്ടും ചായ്‌വില്ലാത്തയാളാണ് മോഹന്‍ലാല്‍: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബ്ലോഗിലൂടെ സ്വന്തം നിലപാടുകളാണു ലാല്‍ പങ്കുവെയ്ക്കുന്നത്. അതിനോടു വിയോജിപ്പുള്ളവര്‍ ഉണ്ടാകാം.


തിരുവനന്തപുരം: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ബ്ലോഗിലൂടെ അഭിപ്രായം രേഖപ്പെടുത്തിയ നടന്‍ മോഹന്‍ലാലിനെ ചളിവാരിയെറിയുന്നത് ഖേദകരമാണ് ധനമന്ത്രി തോമസ് ഐസക്. എങ്ങോട്ടും ചായ്‌വില്ലാത്തയാളാണു മോഹന്‍ലാലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് മോഹന്‍ ലാലിനു സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുമാണ് പുരസ്‌കാരം.

ബ്ലോഗിലൂടെ സ്വന്തം നിലപാടുകളാണു ലാല്‍ പങ്കുവെയ്ക്കുന്നത്. അതിനോടു വിയോജിപ്പുള്ളവര്‍ ഉണ്ടാകാം. നോട്ട് വിഷയത്തില്‍ തനിക്കും വ്യത്യസ്ത അഭിപ്രായമുണ്ട്. എന്നാല്‍ ബഹുമാനത്തോടെയാകണം വിയോജിപ്പ് അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ബി.ജെ.പി അച്ഛേദിന്‍ വാഗ്ദാനം ചെയ്തു; പക്ഷെ ജനങ്ങള്‍ക്ക് നല്‍കിയത് ചൂലും യോഗാ ക്ലാസും 


ലാലിന്റെ കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ. മഹാഭാരത്തിലെ ഭീമനായി മോഹന്‍ലാല്‍ എത്തുന്ന രണ്ടാമൂഴം സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

മനുഷ്യനെന്ന നിലയില്‍ എങ്ങോട്ടും ചായ്‌വ് ഇല്ലാതെ മധ്യത്തിലാണു താന് നില്‍ക്കുന്നതെന്നു പറയുന്ന മോഹന്‍ലാലിന്റെ ബ്ലോഗ് തോമസ് ഐസക് സദസുമായി പങ്കിട്ടു.

സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. നോട്ട് നിരോധനം നാടിന് നല്ലതാണെന്ന് പ്രഖ്യാപിച്ച ലാലിന്റെ ധൈര്യത്തെ അംഗീകരിക്കുന്നെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. അതേസമയം മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ചു പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more