| Wednesday, 23rd September 2026, 3:35 pm

കോണ്‍ഗ്രസ് അവസരവാദനയം അവസാനിപ്പിക്കാതെ ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ല: തോമസ് ഐസക്

ദേവിക ജയചന്ദ്രന്‍

തിരുവനന്തപുരം: അവസരവാദമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്നും അത് ഇന്ത്യ ബ്ലോക്കിനെ ദുര്‍ബലമാക്കുകയാണെന്നും സി.പി.ഐ.എം നേതാവ് തോമസ് ഐസക്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ഈ സ്വഭാവം മൂലമാണ് പാര്‍ട്ടികള്‍ ഇന്ത്യ ബ്ലോക് വിടുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

ബി.ജെ.പി- യു.ഡി.എഫ് ഡീലാണ് ഈ സര്‍ക്കാരിന്റെ നിലപാട്. സര്‍വകലാശാലകള്‍ ഗവര്‍ണര്‍ക്കുവിട്ടിരിക്കുകയാണ്. പി.എം ശ്രീ, വന്ദേമാതരം, പാലത്തായി കേസ്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്രിമിനല്‍ കൗണ്‍സിലര്‍ ഇവയ്‌ക്കെല്ലാം ഒത്താശ ചെയ്തുകൊടുക്കുകയല്ലേയെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വേട്ടയാടുമ്പോള്‍ മാത്രമാണ് ഇ.ഡി മോശമാണെന്നുള്ളതാണ് കോണ്‍ഗ്രസ് നിലപാടെന്നും എത്രയോ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇ.ഡിയെ പേടിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെതിരെയുള്ള അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഇ.ഡി ആവശ്യപ്പെട്ടു എന്നത് ശരി തന്നെ, എന്നാല്‍ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നുള്ളത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇ.ഡിയുടെ ആവശ്യം കിട്ടി ഉടനെതന്നെ അന്വേഷണത്തിലേക്ക് പോവുകയായിരുന്നു എന്നാണ് വിദഗ്ധാഭിപ്രായങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി വളര്‍ന്ന് എല്‍.ഡി.എഫ് ദുര്‍ബലപ്പെട്ടാല്‍ രാഷ്ട്രീയമായിട്ട് നേട്ടമുണ്ടാക്കാം എന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസിനുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷേ, ഉണ്ടാവാന്‍ പോകുന്നത് മറിച്ചാണ് ,ബംഗാളില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ സി.പി.ഐ.എം മാത്രമാണുള്ളത്. അതിനാല്‍ ബി.ജെ.പിയ്‌ക്കെതിരെയുള്ള പോരാട്ടം സി.പി.ഐ.എമ്മിനെ ദുര്‍ബലപ്പെടുത്തില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ്-ബി.ജെ.പി ഡീലിന്റെ ഭാഗം തന്നെയാണ് ഈ കേസെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസ് പോരാടുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് അവസരവാദം കാണിച്ചിട്ടും അവരോട് ഇന്ത്യ മുന്നണിയില്‍ സഹകരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
ഏറ്റവുമൊടുവില്‍ നടന്ന ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിന്റെ അവസരവാദം കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ജന്തര്‍ മന്ദര്‍ സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അവരെങ്ങനെ തോറ്റെന്ന് അദ്ദേഹം ചോദിച്ചു. സി.ജെ.പിയുമായോ ഇടതുപാര്‍ട്ടികളുമായോ സഹകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും കോണ്‍ഗ്രസ് തന്നെ രണ്ടായാണ് മത്സരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വിമാനയാത്രയെപ്പറ്റി ചോദിച്ചപ്പോള്‍ സ്വകാര്യ ആവശ്യത്തിനായി സ്വകാര്യസൗകര്യങ്ങള്‍ സ്വീകരിക്കുന്നതുപോലെയല്ല ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യവാഹനം ഉപയോഗിക്കുന്നത് അഴിമതിയില്‍ പെടുന്നതാണെന്നും നടപടി നിയമപരമായി എടുക്കാമോയെന്നോ എന്ന് ആലോചിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

ഒന്നിനുപുറകെ ഒന്നായി പ്രശ്‌നങ്ങള്‍ വരുന്നത് കൊണ്ട് എവിടെയാണ് സര്‍ക്കാരിനെതിരെ സമരം തുടങ്ങേണ്ടതെന്ന ആശങ്കയിലാണെന്ന് മന്ത്രിമാരുടെ യാത്രകളെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പരിഹസിച്ചു.

മന്ത്രിമാര്‍ പാലിക്കേണ്ട ചില ഔചിത്യങ്ങളും നിയമങ്ങളുമുണ്ടെന്നും സുതാര്യതയെന്നൊന്ന് വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയായിക്കഴിഞ്ഞാല്‍ സ്വകാര്യത എന്നൊന്നുണ്ടാവില്ല എന്നും തോമസ് ഐസക് പറഞ്ഞു.

Content Highlight: Thomas Issac attacks congress on ED’s report on Pinarayi Vijayan; says Congress is opportunistic.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more