തിരുവനന്തപുരം: ബാലഗോകുലത്തിന്റെ മാസികയായ മയിൽപീലി വിവാദത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ മുൻ ധനകാര്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്.
ബാലഗോകുലത്തിന്റെ മാസികയായ മയിൽപീലി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയത് വളരെ ലാഘവത്തോടയാണ് ലീഗ് നോക്കി കാണുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മയിൽപീലി എന്താണെന്ന് അറിയാത്തവരാണോ പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ ബി.ജെ.പിയുടെ കടന്നുവരവിനെ അത്രയ്ക്ക് ലാഘവത്തോടെയാണ് ലീഗ് കണ്ടുകൊണ്ടിരിക്കുന്നത്.’ തോമസ് ഐസക് പറഞ്ഞു.
ബി.ജെ.പി കേരളത്തിൽ കുറച്ച് വളർന്നാലും പ്രശ്‌നമില്ല സമീപനം യു.ഡി.എഫിന്റെ രാഷ്ട്രീയമാണെന്നും ഇത് എൽ.ഡി.എഫിന് ക്ഷീണമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് യു.ഡി.എഫിന്റെ രാഷ്ട്രീയമാണ്. ബി.ജെ.പി കേരളത്തിൽ കുറച്ച് വളർന്നാലും പ്രശ്നമില്ലെന്ന രാഷ്ട്രീയം. ഇത് എൽ.ഡി.എഫിന് ക്ഷീണമുണ്ടാക്കും. എൽ.ഡി.എഫിനെ ദുർബലപ്പെടുത്താൻ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുക എന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി.’ അദ്ദേഹം പറഞ്ഞു.
ഇത് വിനാശകരമായ നീക്കമാണെന്നും എല്ലാ മതനിരപേക്ഷ ശക്തികളും ജനാധിപത്യ വിശ്വാസികളും ഒറ്റകെട്ടായി നിന്ന് യു.ഡി.എഫ് സർക്കാരിന്റെ നയം തിരുത്തുന്നതിന് വേണ്ടി ഒരുമിച്ച് അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്റെ ബാലഗോകുലം മയിൽപീലി പ്രസിദ്ധീകരണത്തിന്റെ പേരിലുള്ള യങ് സ്കോളർഷിപ്പ് പരീക്ഷ പൊതു വിദ്യാലയങ്ങളിൽ നിന്നും നടത്താനുള്ള അനുമതി തേടിയിരുന്നു. ദേശീയ അധ്യാപക പരിഷത്തിന്റെ പ്രതിനിധിയായി കരിക്കുലം കമ്മിറ്റിയിലേക്ക് എത്തിയ അധ്യാപകനാണ് അനുമതി തേടിയത്. വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകുകയും ചെയ്തു. തുടർന്ന് അത് പിൻവലിക്കുകയും ചെയ്തു.
എന്നാൽ എന്തുകൊണ്ടാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് സി.പി.ഐ.എം നേതാക്കൾ ഇപ്പോൾ ചോദിക്കുന്നത്.
Content Highlight: Thomas Isaac targets the government over the ‘Mayilpeeli’ scholarship controversy