| Thursday, 21st May 2026, 6:45 pm

'വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ'; തോമസ് ഐസക്കിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

ആദർശ് എം.കെ.

ആലപ്പുഴ: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് വിശ്രമിക്കണമെന്ന ആവശ്യവുമായി മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാര്‍ മുകുന്ദന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിലെഴുതിയത്.

സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലെ അഭിഭാഷക ബ്രാഞ്ച് അംഗം കൂടിയാണ് ഗോപകുമാര്‍ മുകുന്ദന്‍.

ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയ പിണറായി വിജയന്‍ ഇടുങ്ങിയ പോഡിയത്തിന് മുന്നില്‍ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടാണ് താന്‍ ഇത്തരമൊരു പ്രതികരണം നടത്തിയതെന്ന് ഗോപകുമാര്‍ വ്യക്തമാക്കി. ‘അടി പിന്നോട്ട് വച്ചാല്‍ വീഴും എന്ന സ്ഥിതി ഒഴിവാക്കി സഖാവ് പിണറായി വിജയന്‍ വിശ്രമിക്കുകയല്ലേ വേണ്ടത്’ എന്ന് അദ്ദേഹം ചോദിച്ചു.

പിണറായി വിജയനെതിരെ പാര്‍ട്ടിക്ക് അകത്തുനിന്നും ഉയരുന്ന ശക്തമായ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണിത്. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വിവിധ കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിണറായി വിജയന്റെ സമീപനം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ചര്‍ച്ചകളുയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ‘ചെറ്റ’ പരാമര്‍ശമടക്കമുള്ളവ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും പാര്‍ട്ടി കമ്മിറ്റികള്‍ വിലയിരുത്തുന്നു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Content Highlight: Thomas Isaac’s former additional private secretary criticizes Pinarayi Vijayan

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more