| Friday, 5th June 2026, 5:03 pm

ധവളപത്രം തയ്യാറാക്കിയത് എ.ഐ വെച്ച്; രഹസ്യ വിവരങ്ങളടക്കം എ.ഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയെന്ന് തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രം ജനറേറ്റീവ് എ.ഐ ടൂളുകളുടെ സഹായത്തോടെ നിര്‍മിച്ചതാണെന്ന ആരോപണവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. ധവള പത്രം നിര്‍മിക്കാനായി ധനവകുപ്പിന്റെ രഹസ്യ വിവരങ്ങളും പുറത്തുവിട്ടാല്‍ പ്രശ്‌നമുള്ള വിവരങ്ങളും എ.ഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയെന്നും മുന്‍ ധനമന്ത്രി കൂടിയായ ഐസക് ആരോപിച്ചു.

എ.ഐ ഉള്ളടക്കം തിരിച്ചറിയുന്ന ഓണ്‍ലൈന്‍ ടൂളുകള്‍ വച്ച് പരിശോധിച്ചപ്പോള്‍ ധവള പത്രത്തിലെ ഗണ്യമായ ഭാഗവും എ.ഐ വച്ച് തയ്യാറാക്കിയതാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘195 പേജ് വരുന്ന ഇത്രയും വലിയ രേഖ ഒരാഴ്ചയ്ക്കുള്ളില്‍ എങ്ങനെ പുറത്തിറങ്ങിയെന്ന് സംശയം തോന്നിയിരുന്നു. എ.ഐ ഉള്ളടക്കം കണ്ടെത്താനുപയോഗിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി ഈ ധവളപത്രം പരിശോധിച്ചപ്പോള്‍ അതില്‍ ഗണ്യമായ ഭാഗവും എ.ഐ വച്ച് തയ്യാറാക്കിയതാണെന്ന് കണ്ടെത്താനായി,’ തോമസ് ഐസക് പറഞ്ഞു.

ധനവകുപ്പിന്റെ രഹസ്യ വിവരങ്ങള്‍ അടക്കം നല്‍കി എ.ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വിശകലനം ചെയ്തിട്ടാണ് ഇപ്പോള്‍ ധവള പത്രം പുറത്തിറക്കിയത്. എ.ഐ. ഉപയോഗിക്കുന്നതിന് ഞാന്‍ എതിരല്ല. പക്ഷേ അവിടെ ഒരു പ്രശ്‌നമുണ്ട്. ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലെ രേഖകള്‍ അടക്കമാണ് ഈ ധവള പത്രം ഇറക്കാനായി എ.ഐ. പ്ലാറ്റ്‌ഫോമിന് നല്‍കിയിട്ടുണ്ടാവും. അങ്ങനെ ആണെങ്കില്‍ മാത്രമേ ഈ കണ്ടന്റ് തയ്യാറാക്കുകയുള്ളൂവെന്നും ഐസക് പറഞ്ഞു.

സര്‍ക്കാരിന്റെ വിവരങ്ങള്‍ എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ സുപ്രീം കോടതിയും ഹൈക്കോടതിയും കേന്ദ്ര ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും കേരള സര്‍ക്കാരും പുറത്തിറക്കിയിട്ടുണ്ട്. രഹസ്യമായതും പുറത്ത് വിട്ടാല്‍ പ്രശ്‌നമുള്ളതുമായ രേഖകള്‍ എ.ഐ പ്ലാറ്റ്‌ഫോമിന് നല്‍കരുതെന്ന് അവയില്‍ പറയുന്നുണ്ടെന്നും മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി.

ധവള പത്രം എ.ഐ. വച്ച് ജനറേറ്റ് ചെയ്തതാണോ എന്നും ധനവകുപ്പിന്റെ സീക്രട്ട് സക്ഷന്‍ രേഖകള്‍ എ.ഐ ടൂളുകള്‍ക്ക് നല്‍കിയിട്ടുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് വി.ഡി, സതീശന്‍ മറുപടി നല്‍കണം എന്നും ഐസക് ആവശ്യപ്പെട്ടു.

ഇത് നിയമസഭയില്‍ വെയ്ക്കുന്ന രേഖകളില്‍ ജനത്തിനുള്ള വിശ്വാസം ഇല്ലാതാക്കും. ഇവിടെ സര്‍ക്കാരിന്റെ സെന്‍സിറ്റീവ് ഡാറ്റ പബ്ലിക് ഡൊമൈനില്‍ ആര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ നല്‍കുകയാണെന്നും ഐസക്ക് പറഞ്ഞു.

ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ധവള പത്രം അവതരിപ്പിച്ചത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഖജനാവിലുണ്ടായിരുന്നത് 5.07ലക്ഷം കോടി രൂപയാണെന്ന് ധവളപത്രം പറയുന്നു. ശമ്പള, പെന്‍ഷന്‍, പലിശ്ശ കുടിശ്ശിക മാത്രം 48733 കോടിയാണെന്നാണ് ധവളപത്രം പറയുന്നത്. ട്രഷറി പ്രതിസന്ധിയും രൂക്ഷമാണെന്നും ധവളപത്രത്തില്‍ പറയുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍മെട്രോ തുടങ്ങിയ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണെന്നും ധവളപത്രത്തില്‍ പറയുന്നു.

ധവള പത്രത്തിനെതിരെ പ്രതിപക്ഷം വിയോജനകുറിപ്പ് സമര്‍പ്പിച്ചിരുന്നു. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

പുറത്ത് നിന്നുള്ളവരെ ധവളപത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല എന്ന് മുന്‍ ധനനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകുമെന്നും ഐ.ജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും ധന വകുപ്പാണ് ധവളപത്രം തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നുു. വിദഗ്ധരുടെ മൂന്ന് പേരുടെ സഹായം തേടി. ധനകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlight: Thomas Isaac of CPIM Alleges White Paper presented by VD Satheesan was prepared using AI and provided sensitive idata to AI Platforms

We use cookies to give you the best possible experience. Learn more