| Friday, 28th November 2025, 7:26 pm

രാഹുലിന് വേണ്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്തിന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങണം? ആര്‍. ശ്രീലേഖക്കെതിരെ തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ബി.ജെ.പി നേതാവും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖക്കെതിരെ സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ഐസക്ക്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപഹസിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ അഭിപ്രായ പ്രകടനം ലജ്ജാകരമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത പരാതി നല്‍കിയത് ദുരുദ്ദേശത്തോടെയാണെന്നാണ് ആര്‍. ശ്രീലേഖ ആരോപിച്ചിരിക്കുന്നതെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്തിന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ചോദിച്ചുകൊണ്ടാണ് തോമസ് ഐസക്കിന്റെ പോസ്റ്റ്.

ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സംബന്ധിച്ച്, ഇത് ആദ്യമായിട്ടല്ല ശ്രീലേഖ ഇത്തരത്തില്‍ ഒരു ഹീനമായ നിലപാട് സ്വീകരിക്കുന്നതെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസില്‍ ഇരയേക്കാള്‍ ശ്രീലേഖയ്ക്ക് വിശ്വാസം പ്രതിയായ നടനില്‍ ആയിരുന്നു. ഇത്തരം ഒരാളെയാണ് ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ചിലര്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍. ശ്രീലേഖ ശാസ്തമംഗലത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യയാണോ എന്നും അദ്ദേഹം ചോദിക്കുന്നു. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ എന്താണ് തെറ്റെന്നും തോമസ് ഐസക്ക് ചോദിച്ചു.

‘വീണിടത്ത് കിടന്ന് ഉരുണ്ടിട്ട് എന്തുകാര്യം? മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിലെ തെറ്റ് എന്താണാവോ? നിങ്ങള്‍ ആക്ഷേപിക്കുന്നത് ഇരയുടെ പരാതി കാപട്യമാണെന്നാണ്. പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് മുങ്ങാന്‍ അവസരം നല്‍കാനാണത്രേ പരാതി വച്ചുതാമസിപ്പിച്ചത്. ഇപ്പോള്‍ ഉന്നയിച്ചത് ശബരിമല വിഷയത്തില്‍ ശ്രദ്ധതിരിക്കാനാണെന്നും ആക്ഷേപിക്കുന്നു. നിങ്ങള്‍ എന്തുതരത്തിലുള്ള ജനപ്രതിനിധി ആകാനാണ് പോകുന്നതെന്ന് ഏതാണ്ട് വ്യക്തമാണ്,’ എന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു.

‘അതിജീവിതക്കൊപ്പം. ഇത്ര നാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം! പ്രതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ. അതോ ശബരിമല സ്വര്‍ണക്കൊള്ളയിലെ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതില്‍ ആശങ്ക,’ എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

Content Highlight: Thomas Isaac against R. Sreelekha in Rahul Mamkootathil’ issue

We use cookies to give you the best possible experience. Learn more