| Wednesday, 4th June 2025, 3:05 pm

ഞങ്ങള്‍ മുപ്പത്തിയഞ്ച് വര്‍ഷമായി പറയുന്ന രാഷ്ടീയമാണ് താങ്കള്‍ രണ്ട് മിനുറ്റില്‍ പാട്ടിലൂടെ പറയുന്നത്; വേടന് പിന്തുണയുമായി തൊല്‍ തിരുമാവളവന്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണയുമായി വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തൊല്‍ തിരുമാവളവന്‍. വേടനുമായി തൊല്‍ തിരുമാവളവന്‍ എം.പി നടത്തിയ വീഡിയോ കോളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വേടന്റെ പാട്ടുകള്‍ വിപ്ലവകരമാണെന്നും തങ്ങള്‍ മുപ്പത്തിയഞ്ച് വര്‍ഷമായി പറയുന്ന രാഷ്ട്രീയം രണ്ട് നിമിഷത്തില്‍ പാട്ടിലൂടെ പറയുന്നുവെന്നും തൊല്‍ തിരുമാവളവന്‍ വ്യക്തമാക്കി. ആഗോള രാഷ്ട്രീയത്തെ കുറിച്ചുള്ള വേടന്റെ പാട്ടും ശ്രദ്ധേയമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ആര്‍.എസ്.എസുകാരെ കുറിച്ചും വേടനും തൊല്‍ തിരുമാവളവനും സംസാരിക്കുകയുണ്ടായി. ആര്‍.എസ്.എസുകാര്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു വേടന്‍ പറഞ്ഞത്. എന്നാല്‍ അതില്‍ ഭയപ്പെടരുതെന്നും ഞങ്ങളെല്ലാം കൂടെ ഉണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.

റാപ്പര്‍ വേടന്റെ വരികള്‍ക്കെതിരെ സംഘപരിവാര്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തുന്ന സാഹചര്യത്തിലാണ് തൊല്‍ തിരുമാവളവന്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്. വരികളിലൂടെ ജാതീയത സൃഷ്ടിക്കുന്നുവെന്നും വിഘടനവാദമാണ് വേടന്റെ രാഷ്ട്രീയമെന്നടക്കം നിരവധി വിമര്‍ശനങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്നാരോപിച്ച് പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാരിലൊരാള്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല, ആര്‍.എസ്.എസ് നേതാവും കേസരി പത്രാധിപനുമായ എന്‍.ആര്‍. മധു എന്നിവര്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Thol Thirumavalavan MP supports the RapperR Vedan

Latest Stories

We use cookies to give you the best possible experience. Learn more