| Monday, 23rd June 2025, 11:54 am

ഈ വിജയം കേരളത്തിലെ ജനങ്ങളുടേത്, പിണറായി സർക്കാരിനെതിരെയുള്ള ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തു: ആര്യാടൻ ഷൗക്കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂർ: നിലമ്പൂരിലെ വിജയം കേരളത്തിലെ ജങ്ങളുടെ വ്യാജമാണെന്നും പിണറായി സർക്കാരിനെതിരെയുള്ള ജനരോഷം നിലമ്പൂരിലെ ജനത ഏറ്റെടുത്തെന്നും ആര്യാടൻ ഷൗക്കത്ത്. ഭൂരിപക്ഷം 10,000 ത്തിന് മുകളിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിൽ യു.ഡി.എഫ് പ്രതീക്ഷിച്ചത് തന്നെയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഡി ലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജകമണ്ഡലത്തിൽ നിന്നും നഷ്ടപ്പെട്ടതിന്റെ ശേഷം, യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ ഈ മൂന്ന് പഞ്ചായത്തുകളും നഷ്ടപ്പെട്ടതിന്റെ ശേഷം എന്റെ പിതാവിന് 2011ൽ ലഭിച്ച ഭൂരിപക്ഷം 6000 വോട്ടോളമാണ്. അതിന് ശേഷം രണ്ട് തവണയും യു.ഡി.എഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങൾ പ്രതീക്ഷിച്ചൊരു ഭൂരിപക്ഷത്തിൽ, 10,000ത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുകയാണ്.

ഈ വിജയം, ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. ഈ വിജയം ഇത് നിലമ്പൂരിൽ കഴിഞ്ഞ ഒമ്പത് വർഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണ്. പ്രത്യേകിച്ചും പറയാനുള്ളത് പിണറായി വിജയൻ സർക്കാരിനോടുള്ള കേരളത്തിലെ മുഴുവൻ ആളുകളുടെയും ജനരോഷം, ആ ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തുവെന്നതാണ്. മാത്രമല്ല ഈ കഴിഞ്ഞ ഒമ്പത് വർഷമായി നിലമ്പൂരിനേറ്റ അവഗണന, ആ അവഗണനക്കെതിരെയുള്ള കൃത്യമായ പ്രതിഷേധവുമാണ് ഈ വിജയം.

എനിക്ക് വോട്ട് ചെയ്ത് എന്നെ വിജയിപ്പിച്ച മുഴുവൻ ആളുകൾക്കും ഇതിന് നേതൃത്വം നൽകിയ യു.ഡി.എഫ് നേതാക്കന്മാർക്കും താഴെ തട്ട് വരെയുള്ള പ്രവർത്തകർക്കും ബൂത്ത് തലത്തിലുള്ള ചെയർമാൻ കൺവീനർമാർക്കും പഞ്ചായത്ത് നിയോജക തലത്തിലുള്ള ചെയർമാൻ കൺവീനർമാർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണ്.

യു.ഡി.എഫ് പ്രതീക്ഷിച്ചതിനും അപ്പുറത്തായി ഒന്നും സംഭവിച്ചിട്ടില്ല. ഇത് കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിനെതിരെയുള്ള കൃത്യമായ ജനവിധി,’ അദ്ദേഹം പറഞ്ഞു.

Content Highlight: This victory is a victory for the people of Kerala, the people of Nilambur have taken up the public anger against the Pinarayi government: Aryadan Shoukkath

We use cookies to give you the best possible experience. Learn more