| Monday, 20th October 2025, 7:19 am

ജനപ്രീതിയില്‍ മുന്നില്‍ ഈ തെന്നിന്ത്യന്‍ താരസുന്ദരി; ദീപിക പദുക്കോണ്‍ അഞ്ചാം സ്ഥാനത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്‍മാക്‌സ് മീഡിയ. സെപ്റ്റംബര്‍ മാസത്തെ പട്ടികയാണ് ഓര്‍മാക്‌സ് മീഡിയ പുറത്ത് വിട്ടത്. തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ബോളിവുഡ് നടി ആലിയ ഭട്ടിനെ മറികടന്നാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. നടി കാജള്‍ അഗര്‍വാളാണ് മൂന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത്.

നാലാം സ്ഥാനത്തുള്ളത് തൃഷയാണ്. ബോളിവുഡ് സെന്‍സേഷണല്‍ ദീപിക പദുക്കോണ്‍ അഞ്ചാം സ്ഥാനത്താണ്. നയന്‍താര ആറാം സ്ഥാനത്തും രശ്മിക മന്ദാന ഏഴാം സ്ഥാനത്തും എത്തി.

മലയാളികളുടെ പ്രിയ നടി സായ് പല്ലവിയാണ് താരങ്ങളുടെ തൊട്ടുപിന്നിലുള്ളത്. പിന്നാലെ തമന്ന ഭാട്ടിയയും ശ്രീലീലയും ഇടംനേടി.

അതേസമയം, സാമന്ത പുഷ്പ ദി റൈസ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച ഐറ്റം സോങ്ങ് ഹിറ്റായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളാൽ സിനിമയിൽ നിന്നും സാമന്ത  ഇടവേളയെടുത്തിരുന്നു.

ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ആലിയ ഭട്ട്. ബോളിവുഡ് ചിത്രം ആൽഫയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രം.  യഷ് രാജ് ഫിലിംസ് ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. ശിവകാര്‍ത്തികേയന്‍ പ്രധാനകഥാപാത്രത്തെ അതരിപ്പിച്ച ചിത്രം നിര്‍മിച്ചത് കമല്‍ഹാസന്‍ ആയിരുന്നു. കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരന്‍. ചിത്രം ആഗോള കളക്ഷനില്‍ 300 കോടിയോളം നേടുകയും ചെയ്തു.

രാജ്കുമാര്‍ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്തത്. പിന്നീട് സായ് പല്ലവി ചെയ്ത തെലുങ്ക് ചിത്രവും വിജയമായിരുന്നു. നാഗചൈതന്യക്കൊപ്പം തണ്ടേല്‍ എന്ന ചിത്രത്തിലാണ് സായ് അഭിനയിച്ചത്. ചിത്രം 100 കോടിയോളം സ്വന്തമാക്കി. ജനപ്രീതിയില്‍ മുന്നിലെത്താന്‍ സായ് പല്ലവിയെ സഹായിച്ചത് ഇതായിരിക്കും.

പാന്‍ ഇന്ത്യന്‍, ഹിറ്റ് ചിത്രങ്ങളിലൂടെ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ ലിസ്റ്റിലൂടെ കാണാന്‍ സാധിക്കുന്നത്.

എന്നാല്‍ ഓര്‍മാക്‌സ് മീഡിയയുടെ പട്ടികയുടെ താഴെ എന്ത് മാനദണ്ഡപ്രകാരമാണ് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.

300 കോടി ബോക്‌സ് ഓഫീസ് ക്ലബില്‍ എത്തിയ ആദ്യ സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ച കല്യാണി പ്രിയദര്‍ശന്‍ പട്ടികയില്‍ ഇല്ലെന്നും ആക്ഷേപമായി ഉന്നയിക്കുന്നു.

Content Highlight: This South Indian beauty is at the forefront of popularity

We use cookies to give you the best possible experience. Learn more