ഐ.പി.എല്‍ 2026ന് തിരി തെളിയാന്‍ ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ടൂര്‍ണമെന്റിന്റെ 19ാം എഡിഷന്റെ ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരാണെങ്കിലും, 2008ന് ശേഷം ഇതാദ്യമായാണ് സ്വന്തം മണ്ണ് ഒരു ഓപ്പണിങ് മാച്ചിന് വേദിയാകുന്നതെങ്കിലും ഒരു കനത്ത തോല്‍വിയുടെ കയ്‌പ്പേറിയ ഓര്‍മകളായിരിക്കും സണ്‍റൈസേഴ്‌സിനെതിരെ കളത്തിലിറങ്ങുമ്പോള്‍ പാടിദാറിനെയും സംഘത്തെയും വേട്ടയാടുക.
ഈ വേദിയില്‍ ഇരു ടീമുകളും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു പിറവിയെടുത്തത്. 2024 ഏപ്രില്‍ 15ന് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ആര്‍.സി.ബിയെ തകര്‍ത്തെറിഞ്ഞാണ് എസ്.ആര്‍.എച്ച് ചരിത്രമെഴുതിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് ആര്‍മി ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി.
ട്രാവിസ് ഹെഡ്
എട്ട് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ട്രവിഷേക് സഖ്യം അടിത്തറയൊരുക്കിയ ഇന്നിങ്‌സ് പിന്നാലെയെത്തിയ ഹെന്‌റിക് ക്ലാസന്‍, ഏയ്ഡന്‍ മര്‍ക്രം, അബ്ദുള്‍ സമദ് എന്നിവര്‍ ചേര്‍ന്ന് കെട്ടിപ്പൊക്കി.
41 പന്ത് നേരിട്ട് എട്ട് സിക്‌സറും ഒമ്പത് ഫോറും അടക്കം 248.78 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ ട്രാവിസ് ഹെഡ് 102 റണ്‍സ് നേടി.
ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും
ക്ലാസന്‍ 31 പന്തില്‍ 67 റണ്‍സടിച്ച് രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. അഭിഷേക് ശര്‍മ (22 പന്തില്‍ 34), ഏയ്ഡന്‍ മര്‍ക്രം (17 പന്തില്‍ 32*), അബ്ദുള്‍ സമദ് (10 പന്തില്‍ 37*) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിനും മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുമായി വിരാട് കോഹ്‌ലിയും (20 പന്തില്‍ 42) ഫാഫ് ഡു പ്ലെസിയും (28 പന്തില്‍ 62) ഇന്നിങ്‌സിന് അടിത്തറയൊരുക്കിയെങ്കിലും രണ്ട് ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ടത് ടീമിന് തിരിച്ചടിയായി.
വില്‍ ജാക്‌സ് (7), രജത് പാടിദാര്‍ (9), സൗരവ് ചൗഹാന്‍ (0) എന്നിവര്‍ മടങ്ങിയതും ടീമിന് തിരിച്ചടിയായി.
35 പന്തില്‍ 83 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ചെറുത്തുനിന്നെങ്കിലും മറ്റാര്‍ക്കും തന്നെ പിന്തുണ നല്‍കാന്‍ സാധിക്കാതെ പോയതോടെ ആര്‍.സി.ബിയുടെ പോരാട്ടം 262ലൊതുങ്ങി.
ദിനേഷ് കാര്‍ത്തിക്
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അഗ്രഗേറ്റ് സ്‌കോറിന്റെ റെക്കോഡും ഈ മത്സരത്തില്‍ പിറന്നു. രണ്ട് ടീമുകളുമായി 549 റണ്‍സാണ് അടിച്ചെടുത്തത്.
അവിടെ നിന്നും ആര്‍.സി.ബി ഏറെ ദൂരം മുമ്പോട്ട് സഞ്ചരിച്ചു. വിജയത്തോടെ സീസണ്‍ ആരംഭിക്കുക എന്നതിനൊപ്പം രണ്ട് വര്‍ഷത്തിന് മുമ്പ് സ്വന്തം മണ്ണിലേറ്റ തോല്‍വിക്ക് കണക്കുചോദിക്കുക എന്ന ലക്ഷ്യവും പ്ലേ ബോള്‍ഡ് ആര്‍മിക്ക് ഉണ്ടാകും.
Content Highlight: This is what happened when Sunrisers, Royal Challengers and Sunrisers faced each other at Chinnaswamy earlier.