| Saturday, 4th April 2026, 8:49 am

സൂപ്പര്‍ കിങ്‌സ് ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രം; ധോണി യുഗത്തില്‍ ഒരിക്കലും നടക്കാത്തത്, മോശം നേട്ടത്തില്‍ രണ്ടാമന്‍

ആദർശ് എം.കെ.

ഐ.പി.എല്‍ 2026ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ പരാജയം.

ബാറ്റര്‍മാരുടെ കരുത്തില്‍ 209 റണ്‍സ് നേടിയിട്ടും ബൗളര്‍മാരുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം പരാജയം സൂപ്പര്‍ കിങ്‌സിന് ഏറ്റുവാങ്ങേണ്ടി വന്നത്.

സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അവരുടെ തട്ടകത്തില്‍ എട്ട് വിക്കറ്റിന്റെ പടുകൂറ്റന്‍ തോല്‍വിയേറ്റുവാങ്ങിയ സൂപ്പര്‍ കിങ്‌സ് സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നടന്ന സീസണിലെ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റുവാങ്ങി. അഞ്ച് വിക്കറ്റും എട്ട് പന്തും ശേഷിക്കവെ ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം പഞ്ചാബ് മറികടന്നു.

ഋതുരാജ് ഗെയ്ക്വാദ്

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യ രണ്ട് മത്സരത്തിലും തോല്‍വിയേറ്റുവാങ്ങുന്നത്. 2022ല്‍ രവീന്ദ്ര ജഡേജയ്ക്ക് കീഴിലാണ് സൂപ്പര്‍ കിങ്‌സ് ഇത്തരത്തില്‍ ആദ്യ രണ്ട് മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയത്.

രവീന്ദ്ര ജഡേജ

ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ പല സീസണുകള്‍ കളിച്ചിട്ടും ഇത്തരത്തില്‍ ഒരു തുടക്കം ഇതുവരെയുണ്ടായിട്ടില്ല.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് സഞ്ജു സാംസണെ (ഏഴ് പന്തില്‍ ഏഴ്) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ആയുഷ് മാഹ്‌ത്രെയുടെ കരുത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. 43 പന്തില്‍ 73 റണ്‍സാണ് മാഹ്‌ത്രെ അടിച്ചെടുത്തത്.

27 പന്തില്‍ പുറത്താകാതെ 45 റണ്‍സുമായി ശിവം ദുബെയും 12 പന്തില്‍ 32 റണ്‍സുമായി സര്‍ഫറാസ് ഖാനും തിളങ്ങിയതോടെ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ടോപ്പ് ഓര്‍ഡറിന്റെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50), പ്രഭ്സിമ്രാന്‍ സിങ് (34 പന്തില്‍ 43), പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 39), കൂപ്പര്‍ കനോലി (22 പന്തില്‍ 36) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് കിങ്‌സ് രണ്ടാം വിജയം സ്വന്തമാക്കിയത്.

നാളെയാണ് സൂപ്പര്‍ കിങ്‌സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ടോപ്പ് സ്‌കോറര്‍.

Content Highlight: This is the second time Chennai Super Kings have lost their first two matches of the season.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more