ചെന്നൈ: നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് തുറന്ന കത്തുമായി മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി.
പ്രിയപ്പെട്ട നിയുക്ത മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് എന്ന് തുടങ്ങുന്നതായിരുന്നു കത്ത്.
തെരഞ്ഞെടുപ്പ് വിജയത്തില്‍ വിജയ്‌യെ അഭിനന്ദിച്ച അദ്ദേഹം നിങ്ങള്‍ക്ക് വോട്ട് ചെയ്ത 35 ശതമാനം പേരില്‍ താനില്ലെന്നും എന്നാല്‍ ഫലം വന്നപ്പോള്‍ അമ്പരന്ന് പോയി എന്നും പറഞ്ഞു.
ചില സത്യങ്ങള്‍ നിങ്ങളോട് തുറന്ന് പറയണമെന്ന് കരുതിയെന്നും അതിനാലാണ് ഈ കത്തെഴുതിയതെന്നും അദ്ദേഹം പറയുന്നു. എണ്ണമിട്ട് നിരത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ ചിന്തകള്‍ പങ്കുവെച്ചത്.
‘നിങ്ങള്‍ വോട്ടുകള്‍ നേടി വിജയിച്ചു; എന്നാല്‍ സഭയിലെ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പ് ജയിക്കാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനവും മതേതരത്വവും സംരക്ഷിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുക. ഭരണഘടനയുടെ അടിസ്ഥാന ഘടനയോടുള്ള മര്യാദ ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങളുടെ ഭരണത്തിന് സാധിക്കട്ടെ. മുഖ്യമന്ത്രി കസേര സംരക്ഷിക്കാനുള്ള പരിഭ്രാന്തിയില്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യരുത്,’ അദ്ദേഹം പറഞ്ഞു.
സഭയിലേക്ക് ‘വിജയ്’ ആയിത്തന്നെ പ്രവേശിക്കണമെന്നും എന്നാല്‍ വിജയാഘോഷത്തിന്റെ അമിതാവേശം നല്ലതല്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘പെരിയാര്‍ കൈമാറിയ ആത്മാഭിമാനത്തിന്റെ പാരമ്പര്യത്തെയും, സമത്വത്തിന് വേണ്ടിയുള്ള ഒരു പ്രസ്ഥാനത്തിന്റെ തീവ്രശ്രമങ്ങളെയും പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് എം.കെ. സ്റ്റാലിന്‍. അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ പോകുന്ന ആളാണ് നിങ്ങള്‍.
സഭയില്‍ അദ്ദേഹത്തിന്റെ അഭാവം ഖേദകരമാണ്. അദ്ദേഹത്തിന് ഇല്ലാത്ത ഒന്ന് നിങ്ങള്‍ക്കുണ്ട്. അത് നിങ്ങള്‍ പുതിയതായി തുടങ്ങുന്നു എന്നതാണ്. അതേസമയം നിങ്ങള്‍ക്ക് ഇല്ലാത്ത ഒന്ന് അദ്ദേഹത്തിനുണ്ട്. അത് അനുഭവസമ്പത്താണ്.
മുന്‍ഗാമിയെ ഒരു ശത്രുവായി കാണരുത്. നിങ്ങള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ്, പകരക്കാരനല്ല. ഉദയനിധി സ്റ്റാലിന്റെ സഭയിലെ സാന്നിധ്യം നിങ്ങള്‍ക്ക് ഒരു വെല്ലുവിളിയല്ല, മറിച്ച് അതൊരു മികച്ച പോരാട്ടമാകട്ടെ. ഫെഡറര്‍ക്കെതിരെ നില്‍ക്കുന്ന നദാലിനെപ്പോലെ കഴിവുകളുടെ സന്തുലിതാവസ്ഥ അവിടെ ഉണ്ടാകട്ടെ,’ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ പ്രത്യയശാസ്ത്രം എന്താണെന്ന് പലരും ചോദിച്ചേക്കാമെന്നും എന്നാല്‍ അത് നിങ്ങളെ അലട്ടരുതെന്നും ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞു. ‘എന്റെ മനസാക്ഷിയെ പിന്തുടരുക എന്നതാണ് എന്റെ പ്രത്യയശാസ്ത്രം’ എന്ന് അവരോട് പറയുകയെന്നും അദ്ദേഹം പറഞ്ഞു.
‘ഉദ്യോഗസ്ഥരെ സഹപ്രവര്‍ത്തകരായി കാണുക, കീഴ് ജീവനക്കാരായിട്ടല്ല. പാദസേവയാണ് സേവനം എന്ന തെറ്റായ ധാരണ അവര്‍ക്കുണ്ടാകാം. സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞതുപോലെ, ഭയമില്ലാതെ തുറന്നതും നിഷ്പക്ഷവുമായ ഉപദേശങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെടുക. മുന്‍ മന്ത്രിമാര്‍ക്കെതിരെയുള്ള എല്ലാ വിമര്‍ശനങ്ങളെയും പ്രോത്സാഹിപ്പിക്കരുത്.
അവസാനമായി മുഖ്യമന്ത്രി എന്ന നിലയില്‍, നല്ല ഭരണവും സാമ്പത്തിക പുരോഗതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്. അതിലുപരിയായി, ഭയരഹിതവും വിദ്വേഷമില്ലാത്തതും നീതിപൂര്‍ണ്ണവുമായ ഇന്ത്യയുടെ വിളക്കായി മാറുക.
വ്യക്തിപരമായ ഒരു കാര്യം കൂടി പറയട്ടെ, ഈ സംസ്ഥാനത്തെ ഭരണത്തിന് ഒരു ക്രൈസ്തവര്‍ നേതൃത്വം നല്‍കുന്നത് ഇതാദ്യമാണ്. തമിഴ്നാടിന്റെ മതേതരത്വത്തിന് ലഭിച്ച ദൈവത്തിന്റെ ഇടപെടലായി ആ നിയോഗത്തെ ആഘോഷിക്കുക. ആ പാരമ്പര്യത്തെ കുറച്ചുകാണാന്‍ ആരെയും അനുവദിക്കരുത്. തിരുവള്ളുവരും അത് ആഗ്രഹിക്കില്ല. മുഖ്യമന്ത്രിക്ക് എല്ലാ വിജയങ്ങളും സംതൃപ്തിയും നേരുന്നു,’ അദ്ദേഹം കുറിച്ചു.
മുമ്പ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ സമയത്തും അദ്ദേഹം ഇത്തരത്തിലൊരു തുറന്ന കത്തുമായി രംഗത്തെത്തിയിരുന്നു.
Content Highlight: This is the first time that Christians are leading the government of Tamil Nadu; See it as a divine mandate; Gopal Krishna Gandhi writes an open letter to Vijay\