| Friday, 21st November 2025, 1:02 pm

143 വര്‍ഷത്തിനിടയില്‍ ആഷസില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായി; വാശിക്ക് വാശിയായി സ്റ്റാര്‍ക്കും ആര്‍ച്ചറും!

സ്പോര്‍ട്സ് ഡെസ്‌ക്

2025-26 ആഷസ് ട്രോഫി പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഓസീസിനെതിരെ മത്സരത്തില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് വെറും 172 റണ്‍സിനാണ് തകര്‍ന്നടിഞ്ഞത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സാണ് നേടിയത്.

ഇന്നിങ്സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിനെയാണ് ഇഗ്ലണ്ട് പുറത്താക്കിയത്.
ആദ്യ ഓവറിനെത്തിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ രണ്ടാം പന്തിലാണ് ജേക്കിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചത്. താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിലും സാക് ക്രോളിയെ പൂജ്യം റണ്‍സിനാണ് മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയത്.

ഇതോടെ ഇരു ടീമുകള്‍ക്ക് പൂജ്യം റണ്‍സ് എന്ന നിലയിലാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ഇതോടെ ആഷസ് ക്രിക്കറ്റില്‍ ഒരു പുതിയ ചരിത്രമാണ് പിറന്നത്. 1882ല്‍ ആഷസ് ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു ടീമുകള്‍ക്കും ആദ്യ ഇന്നിങ്സില്‍ പൂജ്യം റണ്‍സിന് വിക്കറ്റ് നഷ്ടമാകുന്നത്.

അതേസമയം ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകളാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തുടങ്ങിയ വിക്കറ്റ് വേട്ട അവസാനിപ്പിച്ചതും സ്റ്റാര്‍ക്കായിരുന്നു.

ഓപ്പണര്‍ സാക്ക് ക്രോളിയെ ആദ്യ ഓവറില്‍ തന്നെയാണ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്. ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സിനാണ് ക്രോളി മടങ്ങിയത്. തൊട്ടു പിന്നാലെ ബെന്‍ ഡക്കറ്റിനേയും സ്റ്റാര്‍ക്ക് മടക്കി. നാല് ഫോര്‍ അടക്കം 20 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്.

ശേഷം ഇറങ്ങിയ സൂപ്പര്‍ താരം ജോ റൂട്ടിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് സ്റ്റാര്‍ക്ക് വീണ്ടും തിളങ്ങിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 12 പന്തില്‍ ആറ് റണ്‍സ് നേടിയാണ് സ്റ്റാര്‍ക്കിനിരയായത്. ജെയ്മി സ്മിത് (22 പന്തില്‍ 33), ഗസ് ആറ്റ്കിന്‍സണ്‍ (2 പന്തില്‍ 1), മാര്‍ക്ക് വുഡ് (1 പന്തില്‍ 0) എന്നിവരെയും സ്റ്റാര്‍ക്ക് പറഞ്ഞയച്ചു. സ്റ്റാര്‍ക്കിന് പുറമെ ബ്രെണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും നേടി.

Content Highlight: This is the first time since the Ashes began that either team has lost wickets for zero runs in the first innings
We use cookies to give you the best possible experience. Learn more