| Tuesday, 16th June 2026, 11:42 am

ഒറ്റ ജയമില്ല! 1958ന് ശേഷം അപൂര്‍വ സംഭവത്തിന് സാക്ഷിയായി 2026 ലോകകപ്പ്

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ ഇന്ന് നടന്ന എല്ലാ മത്സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു. കരുത്തരായ സ്‌പെയ്‌നും ഉറുഗ്വേയും ബെല്‍ജിയവുമെല്ലാം ഒരേദിവസം കളത്തില്‍ ഇറങ്ങിയിട്ടും ഒരു ടീമും വിജയം കണ്ടില്ല. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എച്ചില്‍ വമ്പന്മാരായ സ്‌പെയ്‌നാണ് ആദ്യം സമനിലയില്‍ കുടുങ്ങിയത്.

ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ദെയാണ് സ്പാനിഷ് പടയെ സമനിലയില്‍ തളച്ചത്. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോള്‍ പോലും നേടാതെ ഇരു ടീമുകളും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തില്‍ ഉറുഗ്വേ-സൗദി അറേബ്യ പോരാട്ടവും സമനിലയും അവസാനിച്ചു. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനില പിടിച്ചത്. ആദ്യം പിന്നിലായതിന് ശേഷമാണ് ഉറുഗ്വേയുടെ തിരിച്ചുവരവ്.

ഗ്രൂപ്പ് ജി-യില്‍ നടന്ന മൂന്നാം മത്സരത്തില്‍ ബെല്‍ജിയം ഈജിപ്തിനോട് സമനില വഴങ്ങി. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ജി മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിക്കുകയായിരുന്നു. ആദ്യം ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് ഈജിപ്ത് സമനില വഴങ്ങിയത്. ഓണ്‍ ഗോളാണ് ടീമിന് വിനയായത്.

ഗ്രൂപ്പ് ജി-യിലെ മറ്റൊരു പോരാട്ടമായി ഇറാന്‍-ന്യൂസിലാന്‍ഡ് മത്സരവും സമനിലയില്‍ പിരിഞ്ഞു. ലോസ് ആഞ്ചലസില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയാണ് പോയിന്റുകള്‍ പങ്കുവെച്ചത്. രണ്ട് തവണ പുറകില്‍ നിന്ന ശേഷമാണ് ഇറാന്‍ സമനില പിടിച്ചത്.

1958ന് ശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ ഒരു ദിവസം നടന്ന എല്ലാ മത്സരങ്ങളും സമനിലയില്‍ അവസാനിക്കുന്നത്. 68 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ അപൂര്‍വ സംഭവത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ഒരു ദിവസം എട്ട് മത്സരങ്ങളാണ് സമനിലയില്‍ അവസാനിച്ചത്. 2026ല്‍ എട്ട് ടീമുകള്‍ ഒരു ദിവസം ഓരോ വീതം പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 68 വര്‍ഷങ്ങള്‍ക്ക് മുമ്പ് 16 ടീമുകളായിരുന്നു സമനിലയോടെ മടങ്ങിയത്.

Content Highlight: This is the first time since 1958 that all matches played on one day in the World Cup have ended in a draw

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more