| Saturday, 1st November 2025, 9:37 am

55 ശതമാനം റണ്‍സും ഇവന്റെ ബാറ്റില്‍ നിന്ന്; ചരിത്രത്തില്‍ ഇതുപോലൊരു ബാറ്റിങ്ങും തോല്‍വിയും രണ്ടാമത് മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം അധികം വിയര്‍ക്കാതെ 40 പന്ത് ശേഷിക്കവെയാണ് ഓസീസ് മറികടന്നത്.

ബാറ്റിങ് യൂണിറ്റിന്റെ സമ്പൂര്‍ണ പരാജയമാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിയൊരുക്കിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ചെറുത്തുനില്‍പ്പ് മാത്രമാണ് ഇന്ത്യയെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വെടിക്കെട്ട് വീരന്‍മാരും ടി-20 സ്പെഷ്യലിസ്റ്റുകളും സ്‌കോര്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കാതെ വന്നതുപോലെ കടന്നുപോയപ്പോള്‍ അഭിഷേക് ശര്‍മയും ഹര്‍ഷിത് റാണയും ചെറുത്തുനിന്നു. അഭിഷേക് 37 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ റാണ 33 പന്തില്‍ 35 റണ്‍സും നേടി. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ബാറ്റര്‍മാരും ഇവര്‍ മാത്രമാണ്.

ഒടുവില്‍ 19ാം ഓവറിലെ നാലാം പന്തില്‍ ഇന്ത്യ 125ന് പുറത്തായി.

ഇന്ത്യന്‍ ടോട്ടലിന്റെ 54.4 ശതമാനവും പിറവിയെടുത്തത് അഭിഷേകിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. ഇന്ത്യയുടെ ടി-20 ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ടോട്ടലിന്റെ പകുതിയിലേറെ റണ്‍സ് ഒരു ബാറ്റര്‍ തന്നെ സ്വന്തമാക്കുന്നത്.

2010 ടി-20 ലോകകപ്പിലാണ് ഇന്ത്യന്‍ ടീമിന് ഇത്തരമൊരു തകര്‍ച്ചയുണ്ടായത്. അന്നും എതിരാളികള്‍ ഓസ്‌ട്രേലിയ തന്നെയായിരുന്നു.

ബ്രിഡ്ജ്ടൗണില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ 15ാം മത്സരത്തില്‍ ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറിന്റെ (42 പന്തില്‍ 72) കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി.

185 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 135ന് പുറത്തായി. ഒരു ബൗളറടക്കം വെറും രണ്ട് താരങ്ങളാണ് അന്നും ഇന്ത്യയക്കായി ഇരട്ടയക്കം കണ്ടത്.

ഇന്ത്യ ആകെ നേടിയ 135 റണ്‍സില്‍ 58.5 ശതമാനവും അടിച്ചെടുത്തത് രോഹിത് ശര്‍മയായിരുന്നു. 46 പന്ത് നേരിട്ട താരം പുറത്താകാതെ 79 റണ്‍സ് നേടി. ആറ് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 13 റണ്‍സ് നേടിയ സഹീര്‍ ഖാനാണ് ഇന്ത്യയുടെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

അതേസമയം, മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-0ന് ഇന്ത്യ പിന്നിലാണ്. ഞായറാഴ്ചയാണ് പരമ്പരയിലെ അടുത്ത മത്സരം. ഹൊബാര്‍ട്ടിലെ നിന്‍ജ സ്റ്റേഡിയമാണ് വേദി.

Content Highlight: This is only the second time in India’s T20 history that a single batsman has scored more than half of the total.

We use cookies to give you the best possible experience. Learn more