| Saturday, 27th September 2025, 6:14 pm

ഇത് ദളിതര്‍ക്ക് പോകാനുള്ള വഴിയല്ല; തഞ്ചാവൂരില്‍ ദളിത് വിദ്യാര്‍ത്ഥികളുടെ വഴി തടഞ്ഞ് വൃദ്ധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തഞ്ചാവൂര്‍: തഞ്ചാവൂരിലെ കൊലങ്കരൈ ഗ്രാമത്തില്‍ ജാതിവെറി കാരണം സ്‌കൂള്‍ കുട്ടികളുടെ വഴി തടഞ്ഞ് വൃദ്ധ. ദളിത് വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി സ്‌കൂളിലേക്ക് പോകുന്ന മണ്ണിട്ട വഴിയില്‍ വടിയുമായി എത്തിയാണ് വൃദ്ധ വിദ്യാര്‍ത്ഥികളെ തടഞ്ഞത്.

കൂട്ടത്തിലെ യുവാക്കൾ പകർത്തിയ വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. വീഡിയോയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർത്ഥികളെ വടി കൊണ്ട് തല്ലിയൊടിക്കുന്നതായുള്ള വൃദ്ധയുടെ ആക്രമണം ദളിത് വിരുദ്ധ ആക്രോശത്തോടെയാണെന്ന് വീഡിയോയിൽ കാണാം.

വീഡിയോയിൽ സ്കൂൾ വിദ്യാർത്ഥികളും അവരുടെ മുമ്പിലായി  നടക്കുന്ന യുവാക്കളുമാണ് ഉള്ളത്. ഇവർക്ക് നേരെയാണ് വൃദ്ധയുടെ ആക്രോശം. വൃദ്ധ കയ്യിലെ വടി ഉപയോഗിച്ച് കുട്ടികളെയും കൂടെയുള്ള യുവാവിനെയും തടയുകയും തല്ലാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

സംഭവത്തെ അപലപിച്ച് തമിഴ്നാട് അയിത്ത നിർമാർജന മുന്നണിയുടെ സംസ്ഥാന പ്രസിഡന്റ് ചെല്ലക്കണ്ണ് രംഗത്തെത്തി. എളിയ സാത്തിയെന്ന് വിളിച്ച് വിദ്യാർത്ഥികളെ വീഡിയോയിൽ വൃദ്ധ അധിക്ഷേപിക്കുന്നുണ്ടെന്ന് ചെല്ലക്കണ്ണ് പറഞ്ഞു.

ഇതൊരു  ചെളി പാതയാണെന്നും ഔദ്യോഗികമായി വാഹനങ്ങൾക്കുള്ളതാണെന്നും അദ്ദേഹം പറയുന്നു. വാഴ തൈകൾ നട്ടുപിടിപ്പിച്ച് വഴി നാട്ടുകാർ കൈയ്യേറിയെന്നും അതിനാൽ വിദ്യാർത്ഥികൾക്ക് 18 ദിവസമായി ഒന്നരകിലോമീറ്റർ വഴിമാറി സഞ്ചരിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസം മുമ്പ് കൈയേറ്റത്തെക്കുറിച്ച് അധികൃതരെ അറിയിച്ചിരുന്നെങ്കിലും സംഭവം വൈറലാകുന്നത് വരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ചെല്ലക്കണ്ണ് പറഞ്ഞു. വിവാദത്തിന് പിന്നാലെ നാട്ടുകാർക്ക് തഹസിൽദാർ പാത വൃത്തിയാക്കി വീണ്ടും തുറന്നു കൊടുത്തിരുന്നു.

പ്രതിഷേധത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടില്ല.

Content Highlight: This is not the way for Dalits to go; Old woman blocks Dalit students’ path in Thanjavur

We use cookies to give you the best possible experience. Learn more