| Friday, 9th May 2025, 8:47 pm

നിയമയുദ്ധത്തിനുള്ള സമയമല്ലിത്; വനിത സൈനിക ഉദ്യോഗസ്ഥരെ തത്കാലം പുറത്താക്കരുതെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഷോര്‍ട്‌ സര്‍വീസ് കമ്മീഷന്‍(എസ്.എസ്.സി) വഴി സൈന്യത്തിലെത്തിയ വനിത ഉദ്യോഗസ്ഥരെ താത്കാലികമായി പിരിച്ച് വിടരുതെന്ന് സുപ്രീം കോടതി.

പരിചയസമ്പന്നരായ വനിത ഉദ്യോഗസ്ഥരെ പിരിച്ച് വിടരുതെന്നും ഇപ്പോള്‍ അവര്‍ക്ക് നിയമയുദ്ധം നടത്താനുള്ള സമയമ ല്ലെന്നും വ്യക്തമാക്കിയ കോടതി ഇവരെ പിരിച്ച് വിടരുതെന്ന് സൈന്യത്തോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.

സ്ഥിരം കമ്മീഷന്‍ നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് 69 വനിത ഉദ്യോഗസ്ഥര്‍ ഫയല്‍ ചെയ്ത ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നിലവില്‍ സൈന്യം ഈ ഉദ്യോഗസ്ഥരെ സര്‍വീസില്‍ തന്നെ നിലനിര്‍ത്തണമെന്ന് വ്യക്തമാക്കിയ കോടതി അടുത്ത വാദം കേള്‍ക്കുന്നത് വരെ ഇവരെ സേനയില്‍ നിന്ന് പിരിച്ച് വിടരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കോടതിമുറികളേക്കാള്‍ മികച്ച ഒരു സ്ഥലം അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഉണ്ട്. അവരുടെ മനോവീര്യം ഉയര്‍ന്നതായി നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

എന്നാല്‍ സായുധ സേനയെ യൗവനത്തോടെ നിലനിര്‍ത്തുക എന്നത് ഭരണപരമായ തീരുമാനമാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയില്‍ വ്യക്തമാക്കി. സൈന്യത്തിന് യുവ ഓഫീസര്‍മാരെ ആവശ്യമാണ്. എല്ലാ വര്‍ഷവും 250 പേര്‍ക്ക് മാത്രമേ സ്ഥിരം കമ്മീഷന്‍ അനുവദിക്കാനാവൂ എന്നും ഐശ്വര്യ ഭാട്ടി വാദിച്ചു.

അതിനാല്‍ സര്‍വീസില്‍ നിന്നും ഇവരെ പിരിച്ച് വിടുന്നതിന് സ്റ്റേ അനുവദിക്കരുതെന്നന്നും ഐശ്വര്യ ഭാട്ടി കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ സായുധ സേനയിലെ അനുഭവത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ജസ്റ്റിസ് കാന്ത് സേന എപ്പോഴും ചെറുപ്പമായിരിക്കണമെന്നും എന്നാല്‍ ചെറുപ്പക്കാരുടെയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെയും ഒരു മിശ്രിതം നമുക്ക് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

ഹരജി പരിഗണിക്കുന്നതിനിടെ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിന് നേതൃത്വം നല്‍കിയ കേണല്‍ സോഫിയ ഖുറേഷിയുടെ ഉദാഹരണവും ഹരജിക്കാരിലൊരാളുടെ അഭിഭാഷകയായ മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി.

വനിതാ ഓഫീസര്‍മാര്‍ക്ക് പി.സി ഉറപ്പാക്കാന്‍ സുപ്രീം കോടതി നേരത്തെ ഇടപെട്ടില്ലായിരുന്നെങ്കില്‍ സോഫിയ ഖുറേഷിക്ക് ഈ അവസരം ലഭിക്കുമായിരുന്നില്ലെന്നാണ് അഭിഭാഷക ചൂണ്ടിക്കാട്ടിയത്.

Content Highlight: This is not the time for legal battles; Supreme Court says women army officers should not be dismissed for now

We use cookies to give you the best possible experience. Learn more