മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പതിവ് രാഷ്ട്രീയ ശൈലി മാറ്റിപ്പിടിച്ച് വികസന അജണ്ടയും ന്യൂനപക്ഷ വോട്ട് ബാങ്കും ലക്ഷ്യമിട്ട് ബി.ജെ.പി.
കലാപങ്ങളില്ലാത്ത ബി.ജെ.പി ഭരണം തുടരുമെന്നതിനാൽ ഇത് ബാബ്രി-മന്ദിർ രാഷ്ട്രീയത്തിനുള്ള സമയമല്ലെന്ന് ഷമിക് ഭട്ടാചാര്യ പറഞ്ഞു.
‘കഴിഞ്ഞ ആറുമാസത്തെ ഞങ്ങളുടെ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ എവിടെയെങ്കിലും ഒരു വർഗീയ കലാപം നടന്നിട്ടുണ്ടോ? ഇത് ബാബ്രി മസ്ജിദ്–രാമക്ഷേത്ര രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. അടുത്ത 20 വർഷക്കാലം കേന്ദ്രത്തിലും സംസ്ഥാനത്തും ഞങ്ങളുടെ സർക്കാരായിരിക്കും അധികാരത്തിൽ തുടരുക. നിങ്ങൾക്ക് ഞങ്ങൾക്കൊപ്പം നിൽക്കേണ്ടി വരും, കൃത്യമായ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു,’ എന്ന് ബി.ജെ.പി ബംഗാൾ സംസ്ഥാന പ്രസിഡന്റ് ഷമിക് ഭട്ടാചാര്യ പറഞ്ഞു.
നൂറിലധികം മോട്ടോർ സൈക്കിളുകൾ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷം റെജിനഗറിലെ ബേഗുൻബാരി പ്രദേശത്ത് ഒരുക്കിയ താത്ക്കാലിക വേദിയിൽ പാർട്ടി സ്ഥാനാർത്ഥി ശങ്കരവ് സർക്കാറിനൊപ്പം ഭട്ടാചാര്യ പങ്കെടുത്ത പൊതുയോഗം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
വേദിക്കു ചുറ്റും തടിച്ചുകൂടിയവരിൽ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു. സമീപത്തെ വീടുകളുടെ ബാൽക്കണികളിൽ നിന്നും മട്ടുപ്പാവുകളിൽ നിന്നും നിരവധി പേരാണ് യോഗം വീക്ഷിച്ചത്.
‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നമ്മുടെ സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിനാണ് തോറ്റത്. ന്യൂനപക്ഷ വോട്ടർമാർ അന്ന് നമ്മോടൊപ്പമുണ്ടായിരുന്നില്ല. എന്നാൽ ഈ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്തമാണ്,’ എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഭട്ടാചാര്യ കൂട്ടിച്ചേർത്തു.
ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ന്യൂനപക്ഷ സമുദായത്തിനുള്ള ഒരു പരീക്ഷണം ആണെന്നും അവർ ബി.ജെ.പിക്കൊപ്പം അണിനിരക്കണമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രസ്താവിച്ചതിന് പിന്നാലെയാണ് ഭട്ടാചാര്യയുടെ ഈ പരാമർശം.
‘മുസ്‌ലിങ്ങളിൽ 80 ശതമാനത്തോളം ആളുകളും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. അവരുടെ പ്രതിമാസ വരുമാനം കേവലം 5,000 രൂപയോ അതിൽ താഴെയോ മാത്രമാണ്. സർക്കാർ ജോലികളിലെ മുസ്‌ലിം പ്രാതിനിധ്യവും തീർത്തും പരിതാപകരമാണ്. ഈ അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റം വരണം,’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനും തുടർന്ന് സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുന്നതിനുമായി ബി.ജെ.പി സർക്കാർ ന്യൂനപക്ഷ വിരുദ്ധ വികാരം ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നതിനിടയിലാണ്, 70 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ള റെജിനഗറിൽ പാർട്ടി വികസനത്തിലേക്ക് തങ്ങളുടെ തന്ത്രം മാറ്റിയിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം നേരിട്ട് മുസ്‌ലിം ജനവിഭാഗങ്ങളെ സമീപിക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്.
2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റെജിനഗറിൽ ബാബ്രി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിയുടെ നിർമ്മാണത്തിന് തറക്കല്ലിട്ട ആം ജനതാ ഉന്നയൻ പാർട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂൺ കബീർ ബി.ജെ.പി സ്ഥാനാർത്ഥിയെക്കാൾ ഇരട്ടിയോളം വോട്ടുകൾ നേടിയാണ് വിജയിച്ചത്.
അന്ന് കബീറിന് 51.62 ശതമാനവും ബി.ജെ.പിക്ക് 27.02 ശതമാനവും തൃണമൂൽ കോൺഗ്രസിന് 17.43 ശതമാനവും വോട്ടുകൾ ലഭിച്ചു. രണ്ട് മണ്ഡലങ്ങളിൽ ജയിച്ച കബീർ നൗഡ നിലനിർത്തി റെജിനഗർ രാജിവെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
നിലവിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കബീറിന്റെ മകൻ ഗുലാം നബി ആസാദാണ് എ.ജെ.യു.പി സ്ഥാനാർത്ഥി. എന്നാൽ ബി.ജെ.പി ഭരണകൂടം കള്ളക്കേസുകൾ ചുമത്തി വേട്ടയാടുകയാണെന്നും അതിനാൽ പ്രചാരണം പൂർണമായും ഓൺലൈനിലേക്ക് മാറ്റുകയാണെന്നും കബീർ പറഞ്ഞു. പള്ളിയുടെ പേരിൽനിന്ന് ‘ബാബ്രി മസ്ജിദ്’ എന്നത് മാറ്റാൻ സർക്കാർ ആവശ്യപ്പെട്ട മേയ് മാസം മുതൽ പീഡനം തുടങ്ങിയെന്നും വഴങ്ങാത്തതിനാൽ സുരക്ഷ പിൻവലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
24 പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതായും നിരന്തരം ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നതിനാലാണ് താനും മകനും നേരിട്ടുള്ള തെരുവ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും കബീർ പറഞ്ഞു.
മറുവശത്ത്, ബി.ജെ.പി വികസന മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകുമ്പോൾ പ്രതിപക്ഷ ചേരിയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. കോൺഗ്രസ്, സി.പി.ഐ.എം, രണ്ട് ടി.എം.സി വിഭാഗങ്ങൾ എന്നിവരെല്ലാം ഇവിടെ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. എല്ലാ പാർട്ടികളും മുസ്‌ലിം സമുദായത്തിൽ നിന്നുള്ള നേതാക്കളെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
നീതിപൂർവമായ തെരഞ്ഞെടുപ്പ് നടന്നാൽ മകൻ വിജയിക്കുമെന്നും, മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിച്ച് ഹിന്ദു വോട്ടുകൾ ഏകീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കബീർ അവകാശപ്പെട്ടു. അതേസമയം, വോട്ടർമാരെ ഭീഷണിപ്പെടുത്താൻ സർക്കാർ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇവിടെ മൂന്ന് തവണ വിജയിച്ചിട്ടുള്ള മമത ടി.എം.സി സ്ഥാനാർത്ഥി റബിയുൽ ആലം ചൗധരിയും കുറ്റപ്പെടുത്തി.
Content Highlight:‘This is not the time for Babri-Mandir politics’: BJP targets minority votes in Bengal by-elections.