| Wednesday, 7th October 2026, 2:13 pm

ഇത് സ്‌കൂളുകളുടെ പ്രശ്‌നമല്ല: ഇസ്‌ലാം ഫ്രാന്‍സ് പിടിച്ചെടുക്കുകയാണ്: വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: ഫ്രാന്‍സില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ കുടിയേറ്റവും ഇസ് ലാമിന്റെ സ്വാധീനവുമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക,
അധ്യാപകരുടെയും പകരക്കാരായ അധ്യാപകരുടെയും കുറവ്, കാലപ്പഴക്കം ചെന്നതും അറ്റക്കുറ്റപ്പണി നടത്താത്തതുമായ കെട്ടിടങ്ങള്‍, ദൈര്‍ഘ്യമേറിയ സ്‌കൂള്‍ സമയം എന്നീ കാരണങ്ങള്‍ കാണിച്ച് ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി സമരം ശക്തമാവുന്നതിനിടെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം.

‘ ഫ്രാന്‍സില്‍ നടക്കുന്നത് നിയന്ത്രാണാതീതമായ കുടിയേറ്റമാണ്. ഇത് സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. മറിച്ച് ഫ്രാന്‍സിനെ ഇസ്‌ലാം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്,’ യു.എസ് പ്രസിഡന്റ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സെപ്റ്റംബര്‍ പകുതിയോടെയാണ് ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത്. പാരിസിന് സമീപമുള്ള ക്രെയ്‌ടെയിലെ ലൈസി സെന്റ്-എക്‌സുപെറി സ്‌കൂളിലാണ് സമരം ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് തലസ്ഥാന നഗരിയിലും മറ്റ് പ്രധാന നഗരങ്ങളായ മാഴ്‌സെയ്, ലിയോണ്‍, ടൂളൂസ്, ലില്ലെ എന്നിവിടങ്ങളിലേക്കും വേഗത്തില്‍ പടരുകയായിരുന്നു. അധ്യാപകരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കടുത്ത ക്ഷാമം, ക്ലാസ് മുറികളിലെ കടുത്ത തിരക്ക്, തകര്‍ന്ന കെട്ടിടങ്ങള്‍, ശരിയായ കുടിവെള്ള-ടോയ്ലെറ്റ് സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് വിദ്യാര്‍ഥികളെ തെരുവിലിറക്കിയത്.

Content Highlight: This is not a school issue; Islam is taking over France: Trump makes hateful remarks regarding student protests.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more