| Friday, 28th November 2025, 4:48 pm

ഇതൊരു ആചാരമല്ല; പമ്പയിലേക്ക് വസ്ത്രം വലിച്ചെറിയുന്നതില്‍ ഇടപെട്ട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പമ്പയിലെ മലിനീകരണത്തില്‍ ഇടപെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തുമായി വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് കോടതി പറഞ്ഞു. പമ്പയില്‍ വലിച്ചെറിയപ്പെട്ട വസ്ത്രങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

‘പമ്പ നദിയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും,’ കോടതി നിരീക്ഷിച്ചു.

പമ്പയിലെ മലിനീകരണം പരിഹരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശവും നല്‍കി. പമ്പയ്ക്ക് സമീപത്തായി ബോധവത്കരണ പോസ്റ്ററുകള്‍ അടക്കം പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്.

ജൂണില്‍ പമ്പയിലെ മലിനീകരണം സംബന്ധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നദിയില്‍ നിന്നും കരയില്‍ നിന്നുമായി ശേഖരിച്ച വസ്ത്രങ്ങള്‍ രണ്ട് ദിവസത്തിനകം പമ്പയില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു ഉത്തരവ്.

ഓരോ മണ്ഡലകാലത്തും ഏകദേശം 30 ലോഡ് തുണികള്‍ എങ്കിലും പമ്പയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏകദേശം 10 ലോഡ് അടിവസ്ത്രങ്ങള്‍ ആയിരിക്കും.

കരാറുകാരെ നിര്‍ത്തിയാണ് നദിയിലെ തുണികള്‍ നീക്കം ചെയ്യാറുള്ളത്. ശേഷം അടിവസ്ത്രങ്ങള്‍ ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും ദല്‍ഹിയിലെ കരാര്‍ കമ്പനി കൊണ്ടുപോകുകയാണ് പതിവ്.

നിലവില്‍ തീര്‍ത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിലും ഹൈക്കോടതി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് രേഖകള്‍ കൃത്യമല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടരുതെന്നാണ് പ്രധാന നിര്‍ദേശം.

വ്യാജ പാസുകളുമായി വരുന്നവരെ ഒരു കാരണവശാലും ശബരിമലയിലേക്ക് കടത്തിവിടരുതെന്നും നിര്‍ദേശമുണ്ട്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമാണെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlight: This is not a custom; High Court intervenes in throwing clothes into Pampa

Latest Stories

We use cookies to give you the best possible experience. Learn more