| Wednesday, 12th August 2026, 1:34 pm

സ്വാധീനമുള്ള ഏതൊരു പ്രസിഡന്റിനും ഇതൊക്കെ സ്വാഭാവികമാണ്; തുര്‍ക്കിയില്‍ നിന്ന് ഇറാന്റെ ഭീഷണിയില്‍ വിമാനം മാറി കയറിതില്‍ ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: തുര്‍ക്കി സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് എയര്‍ ഫോഴ്‌സ് വിമാനത്തില്‍ നിന്ന് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യു.എസ് സൈന്യത്തിന്റെയും സീക്രട്ട് സര്‍വീസിന്റെയും നിര്‍ദേശ പ്രകാരമാണ് താന്‍ വിമാനം മാറിയതെന്നും ഇതിന് പിന്നിലെ രഹസ്യം ചോദിച്ചറിഞ്ഞിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഒഹയോയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഖത്തര്‍ സമ്മാനിച്ച ബോയിങ് 747-8 ജെറ്റില്‍ നിന്ന് പഴയ എയര്‍ ഫോഴ്‌സ് വണ്ണിലേക്കും തുടര്‍ന്ന് വിമാനത്താവളത്തിലെ കാറ്ററിങ് കണ്ടെയ്‌നര്‍ ട്രക്കിന്റെ മറവില്‍ സി-32 എ ചെറിയ സൈനിക വിമാനത്താവളത്തിലേക്കുമാണ് ട്രംപിനെ മാറ്റിയതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് അദ്ദേഹം തന്നെ സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും വൈറ്റ് ഹൗസ് ഉദ്യോഗഹസ്ഥര്‍ക്കും ട്രംപിന്റെ വിമാന മാറ്റത്തെക്കിറിച്ച് ആദ്യം വിവരവും ലഭിച്ചിരുന്നില്ല.

‘സീക്രട്ട് സര്‍വീസും സൈന്യവും ആവശ്യപ്പെട്ടത് പ്രകാരമാണ് ഞാന്‍ വിമാനം മാറിയത്. അവര്‍ പറയുന്നതിനനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ അറിയാത്ത നിരവധി ഭീഷണികള്‍ എനിക്ക് നേരിടേണ്ടി വരാറുണ്ട്. സ്വാധീനമുള്ള ഏതൊരു പ്രസിഡന്റിനും ഇത് സ്വാഭാവികമാണ്,’ ട്രംപ് പറഞ്ഞു.

ഇറാനിയന്‍ പ്രോക്‌സി ഗ്രൂപ്പുകളില്‍ നിന്നുള്ള ആക്രമണ ഭീഷണിയിലാണ് ഇത്തരമൊരു മുന്‍കരുതല്‍ നീക്കമുണ്ടാവാന്‍ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഇറാനെ വിശ്വാസമില്ലെന്നും അവര്‍ നിരന്തരം കള്ളം പറയുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപ് കാറ്ററിങ് വിമാനത്തില്‍ കയറുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Content Highlight: “This is natural for any influential president,” says Trump regarding the switch of planes to avoid an Iranian threat while leaving Turkey.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more