| Thursday, 8th May 2025, 8:54 am

'ഇതൊരു തുടക്കം മാത്രം'; പാകിസ്ഥാനെതിരെ ഇനിയും ആക്രമണം ഉണ്ടാവുമെന്ന സൂചനയുമായി പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വഴി ഭീകരരുടെ ഒമ്പത് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ നടപടി ഒരു തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നതിനാല്‍ ഈ ഓപ്പറേഷന്‍ ആവശ്യമായിരുന്നുവെന്നും തുടര്‍ച്ചയായ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഭീകരക്യാമ്പുകളുടെ ലക്ഷ്യത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംസാരിച്ചതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തെ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നാണ് വിവരം.

സൈന്യത്തെയും നരേന്ദ്രമോദി പ്രശംസിച്ചു. രാജ്യം അവരെ കുറിച്ച് അഭിമാനിക്കുന്നുവെന്നും കൂടുതല്‍ സുരക്ഷാ വെല്ലുവിളികള്‍ക്കായി തയ്യാറാകേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ സാധാരണക്കാര്‍ക്ക് ജീവഹാനിയോ നാശനഷ്ടങ്ങളോ ഏല്‍പ്പിക്കാത്തിലും സൈന്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സവിശേഷമായ ഒരു ഓപ്പറേഷനായിരുന്നു ഇതെന്നും അനാവശ്യമായ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു.

ഇന്നലെ ബുധനാഴ്ചയാണ് പഹല്‍ഹാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.

ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായും 60ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുലര്‍ച്ചെ 1:44 നായിരുന്നു ആക്രമണം നടത്തിയത്. മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷന്‍. 21 ഭീകരകേന്ദ്രങ്ങളെ സൈന്യം ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുമ്പുതന്നെ ശേഖരിച്ചിരുന്നു. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.

Content Highlight: ‘This is just the beginning’; PM hints at more attacks against Pakistan

We use cookies to give you the best possible experience. Learn more